കാഞ്ഞങ്ങാട്: അക്രമമുണ്ടാകുമ്പോള്‍ കടം വീട്ടുമെന്ന പി.ജയരാജന്റെ പ്രസംഗം സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്നതിനു തെളിവാണെന്ന് മന്ത്രി രമേശ് ചെന്നിത്തല.
കേസ് ഉള്‍പ്പെടെ എടുക്കണമോയെന്ന കാര്യം പ്രസംഗം പൂര്‍ണമായി പരിശോധിച്ച ശേഷം തീരുമാനിക്കും. മനോജിനെയും അരിയില്‍ ഷുക്കൂറിനെയുമെല്ലാം സിപിഎം ആസൂത്രിതമായി കൊലപ്പെടുത്തിയെന്നതിന്റെ തെളിവാണു ജയരാജന്റെ പ്രസംഗമെന്നും രമേശ് പറഞ്ഞു.
മുഖ്യമന്ത്രിയാവണമെന്ന വിഎസിന്റെ ആഗ്രഹത്തെക്കുറിച്ചു ഇതുവരെ പിണറായി പ്രതികരിച്ചിട്ടില്ലെന്നും ഫെയ്‌സ്ബുക്കിലൂടെ താന്‍ ഉന്നയിച്ച 10 ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് പിണറായി മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അധികാര മോഹത്തിന്റെ വലയിലാണ് വിഎസ്. കഴിഞ്ഞ അഞ്ചുവര്‍ഷവും സ്വന്തം പ്രതിപക്ഷ നേതാവിനെ മാറ്റാനാണ് സിപിഎം ശ്രമിച്ചത്. കേരളം കണ്ട ഏറ്റവും നിര്‍ജീവമായ പ്രതിപക്ഷമായിരുന്നു എല്‍ഡിഎഫിന്റേത്.
നിയമസഭയില്‍ കാട്ടിക്കൂട്ടിയതൊന്നം ജനം മറന്നിട്ടില്ല. സുസ്ഥിര വികസനം കാഴ്ചവച്ച യുഡിഎഫ് വികസനം അജന്‍ഡയാക്കിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഇവിടെ ആരോപണങ്ങള്‍ വിലപ്പോവില്ല. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനമധ്യത്തില്‍ മറച്ചുവയ്ക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. മുമ്പെങ്ങുമില്ലാത്തവിധം ശൈഥില്യം നേരിടുകയാണ് എല്‍ഡിഎഫെന്നും രമേശ് പറഞ്ഞു.