തിരുവനന്തപുരം: മാണിയെ തള്ളി പറയാനോ ദുര്‍ബലപ്പെടുത്താനോ ശ്രമിച്ചിട്ടില്ല,മുന്നണി വിട്ടുപോയത് വ്യക്തമായ കാരണങ്ങളില്ലാതെയാണെന്ന് യുഡിഎഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തല.
യുഡിഎഫ് വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ കേരള കോണ്‍ഗ്രസ് മുന്നണി വിട്ടത് ജനങ്ങളുടെ പ്രതിക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു
കേന്ദ്രത്തിലും സംസ്ഥാനത്തും ജനദ്രോഹ നടപടികളെടുക്കുന്ന സര്‍ക്കാരിനെതിരെ മുന്നണി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്ന സമയമാണിത്.
കേരള കോണ്‍ഗ്രസ് എമ്മിനോട് നല്ല സമീപനമാണ് കോണ്‍ഗ്രസ് എന്നും എടുത്തിട്ടുള്ളത്. മാണിസാറിന് മുന്നണിയില്‍ പ്രധാന്യവും പ്രാമിണികത്വവും നല്‍കിയിരുന്നു.
എന്നാല്‍ 34 വര്‍ഷത്തെ ബന്ധമവസാനിപ്പിക്കാനുള്ള കാരണമൊന്നും കാണുന്നില്ല. എന്തുകാര്യം കൊണ്ടാണ് മാണി മുന്നണി വിട്ടതെന്നറിയില്ല വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് ചെയര്‍മാന്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് എം ഒരു ഘട്ടത്തിലും പരാതി ഉന്നയിച്ചിട്ടില്ല. പരാതി അറിയിച്ചിരുന്നെങ്കില്‍ ഏത് തരത്തിലുള്ള ചര്‍ച്ചയിലൂടെയും പരിഹരിക്കുമായിരുന്നു. മുന്നണിയിലെ എല്ലാ പാര്‍ട്ടികളെയും വലിപ്പച്ചെറുപ്പമില്ലാതെ പരിഗണിക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേതെന്നും ചെന്നിത്തല വ്യക്തമാക്കി.
മാണിയോടും കേരള കോണ്‍ഗ്രസിനോടും മുന്‍ സമീപനം തുടരുമെന്നും എന്നാല്‍ യുഡിഎഫിനെതിരെ ആരോപണമുന്നയിച്ചാല്‍ മറുപടി പറയേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.
കേരളകോണ്‍ഗ്രസ് യുഡിഎഫില്‍ നില്‍ക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്.
ബാര്‍ക്കോഴ കേസില്‍ മാണിയെ അപമാനിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. തന്റെ ഭരണകാലത്താണ് ബാര്‍കോഴ കേസില്‍ നിന്ന് മാണി അഗ്നിശുദ്ധി വരുത്തിയത്.
ബാര്‍ കോഴ കേസില്‍ കോണ്‍ഗ്രസാണ് മാണിയെ സംരക്ഷിച്ചത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദന്റെ പരാതിയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന താന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
വിജിലിന്‍സിന്റെ പ്രവര്‍ത്തനത്തില്‍ താന്‍ ഇടപെട്ടിട്ടില്ല. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ചു. മാണിയെന്നല്ല ആരെയും കേസില്‍ കുടുക്കാനോ സംരക്ഷിക്കാനോ ഒരിക്കലും ശ്രമിച്ചിട്ടില്ല.
മാണിക്കെതിരെ സാക്ഷികളുണ്ടായിരുന്നു. എന്നാല്‍, മന്ത്രിയായിരുന്ന ബാബുവിന്റെ കാര്യത്തില്‍ മൊഴികള്‍ മാത്രമാണുണ്ടായിരുന്നത്. സാക്ഷികള്‍ ഉണ്ടായിരുന്നതിനാല്‍ വിജിലന്‍സ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
എന്നാല്‍,ഇതേ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാണി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റിദ്ധാരണ മൂലമാണ്. താന്‍ ചെയ്ത കുറ്റം എന്താണെന്ന് കേരളം വിലയിരുത്തട്ടെ.
കോണ്‍ഗ്രസ് നെഞ്ചു കൊടുത്തതു കൊണ്ടാണ് മാണി ബഡ്ജറ്റ് അവതരിപ്പിച്ചത്. ഘടകക്ഷികളെ കാലുവാരുന്ന നയം കോണ്‍ഗ്രസിനില്ല. കേരളാ കോണ്‍ഗ്രസിനെയെന്നല്ല ഒരു പാര്‍ട്ടിയേയും കോണ്‍ഗ്രസ് ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല.
മാണി പോയതു കൊണ്ട് യു.ഡി.എഫിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഫീനിക്‌സ് പക്ഷിയെ പോലെ കോണ്‍ഗ്രസ് ചിറകടിച്ചുയരും. താന്‍ മാണിയെ ഫോണ്‍ ചെയ്തിപ്പോള്‍ സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. തിരിച്ച് വിളിക്കാമെന്നാണ് പറഞ്ഞത്. വിളിക്കാത്തതില്‍ വിഷമമോ പരിഭവമോ ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.