കേരളത്തെ ഇളക്കിമറിക്കുന്ന പോരാട്ടം ! വെല്ലുവിളികൾ ഏറെ, ആര് വാഴും ? ?

സംസ്ഥാന ഭരണമാറ്റം ലക്ഷ്യമിട്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് ‘ഐശ്വര്യ കേരള യാത്ര’ തുടങ്ങിയിരിക്കുന്നത്. കുമ്പളയില്‍ നിന്നും ജനുവരി 31ന് തുടങ്ങിയ യാത്ര 23ന് റാലിയോടെയാണ് തലസ്ഥാനത്ത് അവസാനിക്കുന്നത്. ശബരിമല വിഷയമടക്കം ഉയര്‍ത്തി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാനാണ് പ്രധാനമായും യു.ഡി.എഫ് ശ്രമിക്കുന്നത്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ വിശ്വാസ സംരക്ഷണ നിയമം കൊണ്ടുവരുമെന്നതാണ് പ്രധാന വാഗ്ദാനം. പാണക്കാട്ടെ കോണ്‍ഗ്രസ്സ് നേതാക്കളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ നടത്തിയ പ്രതികരണവും യു.ഡി.എഫ് നേതാക്കള്‍ ആയുധമാക്കുന്നുണ്ട്.

മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഈ നീക്കം. എന്നാല്‍, ഈ പ്രചരണത്തെ വിജയരാഘവന്റെ ചരിത്രം ചൂണ്ടിക്കാട്ടിയാണ് സി.പി.എം പ്രതിരോധിക്കുന്നത്. ഇസ്ലാമിക ചരിത്രത്തില്‍ റാങ്ക് നേടിയ വിജയരാഘവന്‍ തന്നെയാണ് പാര്‍ലമെന്റ് അംഗമായിരുന്നപ്പോള്‍ മുസ്ലീം സമുദായത്തിനു വേണ്ടി പോരാടിയതെന്നത് ഉദാഹരണ സഹിതമാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്. മുസ്ലീം ലീഗ് നേതൃത്വം കേരളത്തിലെ മൊത്തും മുസ്ലീം സമുദായത്തിന്റെ അട്ടിപ്പേറവകാശം അവകാശപ്പെടേണ്ടതില്ലന്ന മുന്നറിയിപ്പും സി.പി.എം നല്‍കിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരായ മനുഷ്യ ശൃംഖല തകര്‍ക്കാന്‍ ശ്രമിച്ചവരാണ് മുസ്ലീം ലീഗെന്ന സി.പി.എം ആരോപണവും യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്നതാണ്.

നിയമസഭ തിരഞ്ഞെടുപ്പില്‍ പൗരത്വ നിയമ ഭേദഗതി നിയമം ചര്‍ച്ചയായാല്‍ അത് കൂടുതല്‍ ഗുണം ചെയ്യുക ഇടതു പക്ഷത്തിനാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അണിനിരന്ന പ്രക്ഷോഭം സംഘടിപ്പിച്ചത് ഇടതുപക്ഷമാണ്. 80 ലക്ഷത്തോളം പേരാണ് മനുഷ്യ ശൃംഖലയില്‍ കണ്ണികളായിരുന്നത്. യു.ഡി.എഫിന്റെ ഐശ്വര്യ കേരള യാത്രക്ക് ബദലായി ”നവകേരള സൃഷ്ടിക്കായി, വീണ്ടും ഇടതുപക്ഷം” എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇടതുപക്ഷം യാത്രയ്ക്ക് ഒരുങ്ങുന്നത്. ഭരണ തുടര്‍ച്ചയാണ് ചുവപ്പിന്റെ ലക്ഷ്യം.

രണ്ട് വികസന മുന്നേറ്റ ജാഥകളായാണ് ഇടതുപക്ഷത്തിന്റെ പ്രചരണം തുടങ്ങുന്നത്. ഫെബ്രുവരി 13ന് ജാഥകള്‍ പ്രയാണം ആരംഭിക്കും. 26ന് ആണ് സമാപനം.സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ നേതൃത്വം നല്‍കുന്ന ജാഥ 13ന് വൈകിട്ട് നാലിന് മഞ്ചേശ്വരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനംചെയ്യുന്നത്. സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ജാഥ, 14-ന് വൈകിട്ട് എറണാകുളത്ത് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും ഉദ്ഘാടനം ചെയ്യും. രണ്ടു ജാഥകളും യഥാക്രമം തൃശൂരും തിരുവനന്തപുരത്തും സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ നിയമസഭാ മണ്ഡലത്തിലും എത്തുന്ന തരത്തില്‍ തന്നെയാണ് ഇടതുപക്ഷവും ജാഥകള്‍ നടത്തുന്നത്.

യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. എ.കെ ആന്റണി മുതല്‍ കെ.സി വേണുഗോപാല്‍ വരെ പത്തംഗ കമ്മറ്റിയിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന സംഘടനാ സമിതികള്‍ രൂപീകരിക്കാന്‍ സിപി.എം സംസ്ഥാനകമ്മിറ്റിയും തീരുമാനിച്ചിട്ടുണ്ട്. ക്ഷേമപെന്‍ഷനുകളുടെ വിപുലീകരണം, പ്രവാസി പുനരധിവാസം, ഉന്നത വിദ്യാഭ്യാസമേഖലയുടെ നവീകരണം, ലൈഫ് മിഷന്‍ വഴി ഒന്നരലക്ഷം വീടുകൂടി നിര്‍മിക്കാനുള്ള തീരുമാനം, റബറിന്റെ തറവില വര്‍ധിപ്പിച്ചത് ഉള്‍പ്പെടെയുള്ള ബജറ്റ് നിര്‍ദേശങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ മികച്ച അംഗീകാരം ലഭിച്ചതായാണ് സി.പി.എം വിലയിരുത്തല്‍. സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികളും ക്ഷേമ പ്രവര്‍ത്തനങ്ങളും പ്രധാന തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം.

കര്‍ഷകസമരവും കേന്ദ്രത്തിന്റെ നയങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതും കേരള ജാഥയില്‍ ഇടതുപക്ഷം ചൂണ്ടിക്കാട്ടും. ഇന്ധനവില അനുദിനം വര്‍ധിക്കുന്നതടക്കമുള്ള അന്യായങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധം വിപുലമാക്കാനും ഇടതുപക്ഷം തീരുമാനിച്ചിട്ടുണ്ട്. ഇടതു ജാഥകള്‍ സമാപിക്കുന്നതോടെ ഭരണ തുടര്‍ച്ചക്കുള്ള സാധ്യത വര്‍ദ്ധിക്കുമെന്നതാണ് ഭരണപക്ഷത്തിന്റെ പ്രതീക്ഷ. അതേസമയം, ബി.ജെ.പിയും നിലവില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടിട്ടുണ്ട്. ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയാണ് ബി.ജെ.പി പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

കേരളത്തിന്റെ സമ്പൂര്‍ണ്ണ വികസനം ലക്ഷ്യം വച്ച് കേരളത്തിലെ 140 കേന്ദ്രങ്ങളിലും സാമൂഹ്യ കൂട്ടായ്മ നടത്താനും കാവിപ്പട തീരുമാനിച്ചിട്ടുണ്ട്. ഗൃഹ സമ്പര്‍ക്ക പരിപാടികള്‍ വ്യാപകമായി നടത്തുക എന്നതാണ് മറ്റൊരു തീരുമാനം. കേന്ദ്രം നടപ്പാക്കിയ വികസന പദ്ധതികളാണ് പ്രധാനമായും ബി.ജെ.പി പ്രചരണായുധമാക്കുന്നത്. തെരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്ത്വത്തില്‍ നടക്കുന്ന വാഹന ജാഥ ഫെബ്രുവരി 20’നാണ് കാസര്‍ക്കോട്ടു നിന്നും ആരംഭിയ്ക്കുന്നത്. മാര്‍ച്ച് 7 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന തരത്തിലാണ് ഈ വാഹനജാഥ ക്രമീകരിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ മൂന്ന് മുന്നണികളും പടപ്പുറപ്പാട് തുടങ്ങിയ കാഴ്ചയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഈ പോരാട്ടം ഭരണപക്ഷത്തിനു മാത്രമല്ല പ്രതിപക്ഷത്തിനും അതിനിര്‍ണ്ണായകമാണ്. ഇത്തവണ യു.ഡി.എഫിന് ഭരണം കിട്ടിയില്ലെങ്കില്‍ ആ മുന്നണി തന്നെയാണ് തകരുക. ഇപ്പോഴില്ലെങ്കില്‍, ഇനിയൊരുക്കലുമില്ലെന്ന് പറയുന്നത് തന്നെ കോണ്‍ഗ്രസ്സ് നേതാക്കളാണ്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ മുന്നോട്ട് പോകുന്ന മുസ്ലീം ലീഗിനും ഭരണം കിട്ടിയില്ലങ്കില്‍ വലിയ പ്രതിസന്ധി നേരിടേണ്ടി വരും. ഈ തിരിച്ചറവില്‍ സര്‍വ്വശക്തിയും സമാഹരിച്ചാണ് ലീഗും മുന്നോട്ട് പോകുന്നത്.

ഉമ്മന്‍ ചാണ്ടി പ്രധാന തിരഞ്ഞെടുപ്പ് ചുമതലയില്‍ വന്നതാണ് യു.ഡി.എഫിന്റെ ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്. അതേസമയം, സംഘടനാപരമായ ‘ന്യൂനത’ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഇപ്പോഴും വലിയ ഒരു വെല്ലുവിളി തന്നെയാണ്. ജോസ് കെ മാണി വിഭാഗം മുന്നണിവിട്ടതിലെ ആശങ്കയും നേതൃത്വത്തിനുണ്ട്. ക്രൈസ്തവ വിഭാഗങ്ങള്‍ക്കുള്ള എതിര്‍പ്പാണ് യു.ഡി.എഫ് നേരിടുന്ന മറ്റൊരു വെല്ലുവിളി. ഇത് പരിഹരിക്കാന്‍ തീവ്ര ശ്രമമാണ് കോണ്‍ഗ്രസ്സ് – ലീഗ് നേതാക്കള്‍ നിലവില്‍ നടത്തി കൊണ്ടിരിക്കുന്നത്. ഇത്തവണ ജനകീയ പ്രകടന പത്രിക പുറത്തിറക്കാനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. ശശി തരൂരിനാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ചെന്നിത്തലയുടെ യാത്ര സമാപിച്ചാല്‍ ഉടന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കാനാണ് കോണ്‍ഗ്രസ്സും ലീഗും തീരുമാനിച്ചിരിക്കുന്നത്.

oomman chandy

ഗ്രൂപ്പ് താല്‍പ്പര്യം പരിഗണിക്കില്ലന്ന സന്ദേശം ഹൈക്കമാന്റും നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നതെന്ന തോന്നല്‍ പ്രകടമാക്കി തന്നെയാണ് ഐശ്വര്യ കേരള യാത്ര ചെന്നിത്തല തുടങ്ങിയിരുന്നത്. എന്നാല്‍ കണ്ണൂരില്‍ എത്തിയപ്പോള്‍ തന്നെ ജാഥയും വിവാദത്തില്‍പ്പെട്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

കോണ്‍ഗ്രസ്സ് വര്‍ക്കിംങ്ങ് പ്രസിഡന്റ് കെ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ ‘ചെത്തുകാരന്റെ മകന്‍’ എന്ന പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. ഈ വാക്കുകള്‍ ഏറ്റുപിടിച്ച് സുധാകരന്‍ മാപ്പ് പറയണമെന്ന് ആദ്യം ആവശ്യപ്പെട്ടത് തന്നെ കോണ്‍ഗ്രസ്സ് എം.എല്‍.എ ഷാനിമോള്‍ ഉസ്മാനാണ് തൊട്ടു പിന്നാലെ രമേശ് ചെന്നിത്തലയും സുധാകരന്റെ നിലപാടിനെ തള്ളി രംഗത്തു വരികയുണ്ടായി. എന്നാല്‍, സ്വന്തം ‘പാളയത്തിലെ’ ഈ എതിര്‍പ്പുകള്‍ക്കെതിരെ രൂക്ഷമായാണ് സുധാകരന്‍ പ്രതികരിച്ചിരുന്നത്. ഈ പോര്‍വിളിയില്‍ ഭയന്ന് ഒടുവില്‍, ഷാനിമോളും ചെന്നിത്തലയും പറഞ്ഞ വാക്കുകള്‍ വിഴുങ്ങുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്.

എന്നിട്ടും, കോണ്‍ഗ്രസ്സില്‍ വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തന്നെ ഒതുക്കാനാണ് വിവാദം വഴി നേതാക്കള്‍ ശ്രമിച്ചതെന്നാണ് സുധാകരന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. അദ്ദേഹം ഇക്കാര്യം ചാനല്‍ ചര്‍ച്ചകളില്‍ പരസ്യമായി ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ, ചെന്നിത്തലയുടെ ‘ഐശ്വര്യ കേരള യാത്ര’യാണ് വിവാദങ്ങളില്‍ മുങ്ങിപ്പോയിരിക്കുന്നത്. ജാഥക്ക് വാര്‍ത്താ പ്രാധാന്യം നഷ്ടപ്പെടുന്നതില്‍ ചെന്നിത്തല കടുത്ത അതൃപ്തിയിലാണുള്ളത്. ക്രൈസ്തവ വിഭാഗം ഉടക്കി നില്‍ക്കുന്നതില്‍ ആശങ്കയുള്ള കോണ്‍ഗ്രസ്സിന് ഈഴവ വിഭാഗം കൂടി എതിരാകുമോ എന്ന ഭയവും ഇപ്പോള്‍ ശരിക്കുമുണ്ട്.

സുധാകരനും ഈഴവ വിഭാഗമാണെന്നും, ചെത്ത് മോശം തൊഴിലല്ലെന്നും പറഞ്ഞ് ന്യായീകരിക്കാന്‍ നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായ കടന്നാക്രമണമാണ് സി.പി.എം കോണ്‍ഗ്രസ്സിനെതിരെ നടത്തി കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയെ അധിക്ഷേപിക്കാന്‍ മനഃപൂര്‍വ്വം ഈ വാക്കുകള്‍ സുധാകരന്‍ ഉപയോഗിച്ചതായി തന്നെയാണ് പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നത്. സുധാകരനെ പിന്തുണച്ച് ബി.ജെ.പി പരസ്യമായി രംഗത്തു വന്നതും ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നുണ്ട്. ബി.ജെ.പി – കോണ്‍ഗ്രസ്സ് കൂട്ടുകെട്ടായാണ് ഈ പിന്തുണയെ സി.പി.എം ചിത്രീകരിച്ചിരിക്കുന്നത്. ചെന്നിത്തല ‘മലക്കം മറിഞ്ഞ്’ ഇപ്പോള്‍ സുധാകരനെ ന്യായീകരിച്ചതും സി.പി.എമ്മിന് വലിയ പിടിവള്ളിയായിട്ടുണ്ട്.

ഇടതുപക്ഷ ജാഥകളിലും ഇക്കാര്യങ്ങള്‍ തുറന്നു കാട്ടാനാണ് ചെമ്പടയുടെ തീരുമാനം. മൂന്ന് മുന്നണികളും ജാഥ നയിച്ച് കേരളത്തെ ഉഴുതുമറിക്കാന്‍ ശ്രമിക്കുമ്പോള്‍ ജനങ്ങള്‍ ആരെ തുണക്കുമെന്നതാണിപ്പോള്‍ രാഷ്ട്രീയ കേരളവും ഉറ്റു നോക്കുന്നത്. പിണറായി സര്‍ക്കാറിന്റെ വികസന പദ്ധതികളും ക്ഷേമ പ്രവര്‍ത്തനങ്ങളുമാണ് ഇടതുപക്ഷത്തിന്റെ പ്രധാന ആയുധം. നരേന്ദ്ര മോദി സര്‍ക്കാറിന്റെ വികസന നേട്ടങ്ങളാണ് ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്നത്. യു.ഡി.എഫ് പറയുന്നത്, തങ്ങള്‍ വന്നാല്‍ കേരളത്തെ മാറ്റി മറിക്കും എന്നതാണ്. കേവല ഭൂരിപക്ഷം നേടി ഭരണം പിടിക്കുക എന്നതു തന്നെയാണ് യു.ഡി.എഫിന്റെ പരമ പ്രധാന ലക്ഷ്യം.

രാഹുല്‍ ഗാന്ധി മുതല്‍ പ്രിയങ്ക ഗാന്ധി വരെ, പ്രചരണ രംഗത്ത് സജീവമായുണ്ടാകും. ഇരു നേതാക്കളും കേരളത്തില്‍ തമ്പടിക്കുമെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ബി.ജെ.പിക്കു വേണ്ടി പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും മുതല്‍ യോഗി ആദിത്യനാഥ് വരെ കളത്തിലുണ്ടാകും. ചുരുങ്ങിയത് 10 സീറ്റുകളാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. തൂക്ക് സഭ ഉണ്ടായാല്‍ നിര്‍ണ്ണായക ശക്തിയാകാം എന്നതാണ് പരിവാറിന്റെ കണക്കുകൂട്ടല്‍. ഇടതുപക്ഷത്തെ സംബന്ധിച്ചാണെങ്കില്‍ ഭരണ തുടര്‍ച്ച തന്നെയാണ് ലക്ഷ്യം. അതിനുള്ള എല്ലാ സാധ്യതയും ഇത്തവണ ഉണ്ടെന്നാണ് സി.പി.എം വിലയിരുത്തുന്നത്. പ്രകടന പത്രികയില്‍ പറഞ്ഞതും അതിനപ്പുറവും നടപ്പാക്കിയതാണ് ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇത്തവണയും ചെമ്പടയെ നയിക്കുന്നത്. സര്‍ക്കാറിനെതിരായ പ്രതിപക്ഷ ആരോപണങ്ങളുടെ മുന ഒടിഞ്ഞതും ഭരണപക്ഷത്തിന് വലിയ ആശ്വാസമാണ്. സ്വര്‍ണ്ണക്കടത്തു മുതല്‍ ഈത്തപ്പഴക്കടത്ത് വരെ ‘ആവിയായ’ അവസ്ഥയാണ് നിലവിലുള്ളത്. എങ്കിലും, തിരഞ്ഞെടുപ്പിനു മുന്‍പ് അപ്രതീക്ഷിത ആയുധങ്ങളുമായി പ്രതിപക്ഷം രംഗത്തു വരാനുള്ള സാധ്യത ഇനിയും ഉണ്ട്. ഇടതുപക്ഷം ഇതു പ്രതീക്ഷിക്കുന്നുമുണ്ട്.

ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനാണ് കേരളം ഇനി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഈ ‘കുരുക്ഷേത്ര’ ഭൂമിയില്‍ ആരൊക്കെ വീഴും ആരൊക്കെ വാഴും എന്നതു തന്നെയാണ് രാജ്യവും ഇപ്പോള്‍ ഉറ്റു നോക്കുന്നത്. കമ്യൂണിസ്റ്റുകള്‍ നേതൃത്വം കൊടുക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായതിനാല്‍ അന്താരാഷ്ട്ര തലത്തിലും കേരളത്തിലെ തിരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.

Top