തിരുവനന്തപുരം: സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകള്‍ ചോദിച്ചിടത്ത് ഒപ്പിട്ടുകൊടുത്ത ആരോഗ്യമന്ത്രിയാണ് കെ.കെ ശൈലജ ടീച്ചറെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷ എം.എല്‍.എമാരുടെ നിരാഹാര സമരം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂത്തുപറമ്പ് എം.എല്‍.എയായ ശൈലജ ടീച്ചറോട് കൂത്തുപറമ്പ് രക്തസാക്ഷികള്‍ ക്ഷമിക്കട്ടെ എന്ന് മാത്രമേ പറയുന്നുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി ചൊവ്വാഴ്ച കാണിച്ച ധിക്കാരവും അഹങ്കാരവും തന്നെയാണ് ഇന്നും തുടര്‍ന്നത്. തെറ്റ് സംഭവിച്ചാല്‍ അത് തിരുത്തുമ്പോഴാണ് മഹത്വമുണ്ടാകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ സമരപന്തലിലിരുന്നപ്പോള്‍ അവിടേക്ക് വരെ ഗ്രനേഡ് പ്രയോഗിച്ചു. മുഖ്യമന്ത്രി കണ്ണുകാണിക്കുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്പീക്കറായി ശ്രീരാമകൃഷ്ണന്‍ മാറി.
നിര്‍ഭാഗ്യകരമായ സ്ഥിതിഗതികളാണ് സംഭവിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതിനെല്ലാം മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കി. മാധ്യമപ്രവര്‍ത്തകര്‍ വാടകയ്‌ക്കെടുത്തവരാണ് കരിങ്കൊടി കാട്ടിയതെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
സ്വന്തം പൊലീസിനോട് ചോദിച്ചാല്‍ അവര്‍ പറയുമായിരുന്നു അതിനുള്ള മറുപടി. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന് കന്റോണ്‍മെന്റ് പൊലീസ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
മുഖ്യമന്ത്രി അനാവശ്യമായ പ്രകോപനം സൃഷ്ടിക്കുകയാണ്. അഞ്ച് പേരില്‍ കൂടുതല്‍ കണ്ടാല്‍ അറസ്റ്റ് ചെയ്യുന്ന സ്ഥലത്താണ് യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.
മെഡിക്കല്‍ കോളേജുകളിലെ ഫീസ് കൂട്ടിയ സര്‍ക്കാര്‍ ഡെന്റല്‍ കോളേജില്‍ ഫീസ് നാല് ലക്ഷമാക്കി. പ്രതിഷേധമായപ്പോള്‍ ഇടപെട്ട് കുറച്ചു. അതുപോലെ മെഡിക്കല്‍ കോളേജുകളിലേയും ഫീസ് വര്‍ധന സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.