REMESH CHENNITHALA’S STATEMENT

remesh chennithala

തിരുവനന്തപുരം :സമരം ഒത്തുതീര്‍ക്കാന്‍ സ്പീക്കര്‍ മുന്‍കയ്യെടുത്തു വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നു മുഖ്യമന്ത്രി വിട്ടുനിന്നത് അദ്ദേഹത്തിന്റെ മനോഭാവത്തിനു തെളിവാണെന്നു പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു.

ആദ്യം ഇരുപക്ഷവുമായി വെവ്വേറെയും തുടര്‍ന്ന് ഒരുമിച്ചിരുത്തിയുമുള്ള ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ചതു മന്ത്രിമാരായ എ.കെ.ബാലനും കെ.കെ.ശൈലജയുമാണ്.

മുഖ്യമന്ത്രി ഉണ്ടാകുമെന്നാണു തങ്ങള്‍ കരുതിയിരുന്നത്. ചര്‍ച്ച പരാജയമാണെന്നു പറയുന്നില്ല. തുടരാം എന്ന ധാരണയിലാണു പിരിഞ്ഞത്.

സുപ്രീം കോടതിയുടെ വിധിപ്പകര്‍പ്പ് പോലും സര്‍ക്കാരിനു ലഭിച്ചില്ല എന്നാണു താന്‍ മനസ്സിലാക്കുന്നത്. സെപ്റ്റംബര്‍ 30നകം പ്രവേശനം പൂര്‍ത്തിയാക്കണം എന്ന വാദമാണ് അപ്പീല്‍ പോകാഞ്ഞതിനു ന്യായീകരണമായി സര്‍ക്കാര്‍ പറഞ്ഞത്.

എന്നാല്‍ അപ്പീല്‍ പോയ സംസ്ഥാനങ്ങള്‍ക്കൊക്കെ അതു നീട്ടിക്കൊടുത്തതോടെ ആ വാദം പൊളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫിന്റെ ജില്ലാ ചെയര്‍മാന്മാരടക്കം പങ്കെടുക്കുന്ന സംസ്ഥാന നേതൃയോഗം മൂന്നിനു ചേരും. തുടര്‍ന്ന് യുഡിഎഫ് യുവജന സംഘടനകളുടെയും യോഗം നടക്കും. ഉച്ചയ്ക്കുശേഷം കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതിയും ചേരും. ഒന്നിന് എല്ലാ നിയോജകമണ്ഡലങ്ങളിലും കേന്ദ്രങ്ങളിലും യുഡിഎഫ് പ്രകടനവും ധര്‍ണയും സംഘടിപ്പിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി

Top