remesh chennithala’s statement

തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് പ്രേരണ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്റെയും വാക്കുകളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

‘പാടത്തെ പണിക്ക് വരമ്പത്ത് കൂലി’ എന്ന കോടിയേരിയുടെ പ്രസ്താവനയും ‘പലിശ സഹിതം കടം വീട്ടും’ എന്നു പറഞ്ഞ കുമ്മനത്തിന്റെയും വാക്കുകളാണ് അണികള്‍ക്ക് അക്രമങ്ങളും കൊലപാതങ്ങളും നടത്തുന്നതിന് പ്രേരണയും പ്രോത്സാഹനവും നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ക്രമസമാധന നില ഭദ്രമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അപഹാസ്യമാണെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിന്റെ ക്രമസമാധാനനില ഭദ്രമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കകം കണ്ണൂര്‍ തില്ലങ്കരിയില്‍ നടന്ന ബോംബ് സ്‌ഫോടനവും കൊലപാതകവും കേരളത്തിന്റെ ക്രമസമാധാനനില എവിടെ നില്‍ക്കുന്നുവെന്നതിന്റെ തെളിവാണ്.

ഇക്കാര്യം മുഖ്യമന്ത്രി കണ്ണ് തുറന്നു കാണണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അക്രമങ്ങള്‍ നടത്താന്‍ അണികളെ കയറൂരി വിട്ടശേഷം ക്രമസമാധാനം ഭദ്രമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

ഇപ്പോഴത്തെ കൊലപാതകത്തിനു പിന്നില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ തന്നെയാണെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഇരുമുന്നണികളും സംസ്ഥാനത്തെ ചോരക്കളമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ദിനംപ്രതി രാഷ്ട്രീയകൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്നു.

സര്‍ക്കാര്‍ നൂറുദിനങ്ങള്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 62 കൊലപാതകങ്ങളാണ് അരങ്ങേറിയത്. ഇവയില്‍ ഏറെയും രാഷ്ട്രീയകൊലപാതകങ്ങളാണ്.

ഇനിയും രാഷ്ട്രീയകൊലപാതകങ്ങള്‍ ആവര്‍ത്തിക്കാനുള്ള അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യും കേരളം ഭരിക്കുന്ന സി.പി.എമ്മും ജനങ്ങളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സ്വന്തം അണികളെ നിലയ്ക്ക് നിര്‍ത്തുകയാണ് വേണ്ടത്.

മുഖ്യമന്ത്രി ഇനിയെങ്കിലും യാഥാര്‍ത്ഥ്യം മനസ്സിലാക്കി കേരളത്തിന്റെ ക്രമസമാധാന നില ഭദ്രമാക്കാന്‍ സ്വന്തം അണികളെ നിയന്ത്രിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Top