Remesh chennithala’s statement about ldf government

തിരുവനന്തപുരം: നിഷ്‌ക്രിയതയുടെ തടവറയിലാണ് പിണറായി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നൂറു ദിവസം പൂര്‍ത്തിയാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിന് നല്ലതെന്ന് പറയാന്‍ ഒന്നുമില്ല. വി.എസ് അച്യുതാനന്ദന്‍ പോലും സര്‍ക്കാരിനെ കുറിച്ച് നല്ലത് പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിയുടെ അതേപാതയിലാണ് പിണറായിയുടേയും പ്രവര്‍ത്തനങ്ങള്‍. വിവരാവകാശനിയമത്തിന്റെ അന്തസത്ത സര്‍ക്കാര്‍ തകര്‍ത്തു. നൂറുദിവസത്തെ നേട്ടമായി ഈ സര്‍ക്കാര്‍ പറഞ്ഞത് അത്രയും യു.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടങ്ങളാണ്. സര്‍ക്കാരിന്റെ നിസംഗത കാരണം മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പോലും കയറാന്‍ കഴിയുന്നില്ല. കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ആദ്യത്തെ സംഭവമാണ്.

ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന് പറഞ്ഞ മുഖ്യമന്ത്രി സ്വന്തം ഓഫീസില്‍ കെട്ടിക്കിടക്കുന്ന ഫയലിനെ കുറിച്ച് എന്തേ ഒന്നും പറയുന്നില്ല. ഉപദേഷ്ടാക്കളെ കൊണ്ട് വലഞ്ഞ സര്‍ക്കാരാണിത്. സിംഗൂരിലെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് ടാറ്റയ്ക്ക് കൈമാറിയ ബുദ്ധദേബിന്റെ അനുഭവം പിണറായി ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും ചെന്നിത്തല ഓര്‍മ്മപ്പെടുത്തി.

സ്വാശ്രയ മേഖലയെ അപകടത്തിലാക്കി.ചര്‍ച്ചയോ ആലോചനയോയില്ലാതെ ഇക്കാര്യത്തില്‍ എടുത്ത തീരുമാനം വിദ്യാര്‍ത്ഥികളേയും രക്ഷകര്‍ത്താക്കളേയും ആശങ്കയിലാക്കി.നൂറു ശതമാനം സീറ്റും ഏറ്റെടുത്തത് എന്തടിസ്ഥാനത്തിലാണെന്നും ചെന്നിത്തല ചോദിച്ചു.

മെഡിക്കല്‍ ഡെന്റല്‍ പ്രവേശനം സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് അപ്രാപ്യമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ച ഒത്തുകളിയുടെ ഭാഗമാണ്. സര്‍ക്കാര്‍ മെറിറ്റ് അംഗീകരിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.എം മാണിക്കെതിരായ വിജിലന്‍സ് നീക്കം സര്‍ക്കാരിന്റെ അറിവോടെയാണെന്നും അദ്ദേഹം പറഞ്ഞു

Top