തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങളില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘമാണെന്ന് ചെന്നിത്തല പറഞ്ഞു.
കേന്ദ്ര ഫണ്ടടക്കം വിനിയോഗിക്കുന്നത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും ഡിജിപി പര്‍ച്ചേസുകള്‍ നടത്തുന്നത് നടപടിക്രമം നോക്കാതെയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പൊലീസ് ഫണ്ട് വകമാറ്റി വാഹനങ്ങള്‍ വാങ്ങി. തോക്ക് കാണാതായത് യുഡിഎഫ് കാലത്തെന്ന സിപിഎം ആക്ഷേപം തെറ്റാണെന്ന് പറഞ്ഞ ചെന്നിത്തല സംസ്ഥാന ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ആരോപിച്ചു. ഡിജിപിക്ക് മാത്രമായി അഴിമതി നടത്താനാവില്ലെന്നും മുഖ്യമന്ത്രി അറിയാതെ അഴിമതി നടക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അതേസമയം,സിംസ് പദ്ധതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് പി.ടി.തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.
എന്നാല്‍ സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നത് ഗൂഢാലോചനയാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞത് സര്‍ക്കാരിന്റെ അഭിപ്രായമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മാത്രമല്ല പി.ടി.തോമസ് സഭയില്‍ വിഷയം ഉന്നയിച്ചത് ആസൂത്രിതമെന്നും റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അദ്ദേഹത്തിന് ചോര്‍ന്നുകിട്ടിയെന്ന് സംശയിക്കാമെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.