തിരുവനന്തപുരം: അത്യന്തം പ്രകോപനപരമായ പരാമര്‍ശങ്ങളിലൂടെ സാംസ്‌കാരിക കേരളത്തിന്റെ മനസ്സ് ചുട്ടുപൊള്ളിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രമുഖ മതപണ്ഡിതനായ എപി അബുബക്കര്‍ മുസലിയാര്‍ക്കുമെതിരെ പ്രതിഷേധം വ്യാപിക്കുന്നു.
സ്ത്രീകള്‍ക്കെതിരായ പരാമര്‍ശമാണ് കാന്തപുരത്തിനെതിരായ പ്രതിഷേധത്തിന് കാരണമായതെങ്കില്‍, അത്യന്തം അപകടകരമായ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയതാണ് വെള്ളാപ്പള്ളിക്ക് വിനയായിരിക്കുന്നത്.
ലിംഗസമത്വം ഇസ്ലാമികമല്ലെന്നും സ്ത്രീയും പുരുഷനും കഴിവുകളില്‍ തുല്യരല്ലെന്നും, തുല്യരാണെന്ന് പറയുന്നവരെ അത് തെളിയിക്കാനും കാന്തപുരം വെല്ലുവിളിച്ചിരുന്നു.
പ്രസവം, കുഞ്ഞുങ്ങളുടെ പരിപാലനം തുടങ്ങി സ്ത്രീകള്‍ക്കു മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച കാന്തപുരം ഹൃദയ ശസ്ത്രക്രിയ ഉള്‍പ്പെടെ നിരവധി സങ്കീര്‍ണ്ണ ശസ്ത്രക്രിയകള്‍ പുരുഷന്മാര്‍ക്കേ ചെയ്യാന്‍ കഴിയുകയുള്ളൂവെന്നും വ്യക്തമാക്കിയിരുന്നു.
കാന്തപുരത്തിന്റെ ഈ പരാമര്‍ശങ്ങളെ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ ശക്തമായ ഭാഷയിലാണ് അപലപിച്ചത്.
സ്വന്തം അമ്മയെ പോലും അടിച്ചാക്ഷേപിക്കുന്നതാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്നും സംഘ്പരിവാറിന്റേതിന് തുല്യമായ ജനാധിപത്യ വിരുദ്ധ നിലപാടാണ് ഇതെന്നും പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്നുമാണ് വിഎസ് ആവശ്യപ്പെട്ടിരിക്കുന്നത്.
എംഇഎസ് അടക്കമുള്ള വിവിധ മുസ്ലീം സംഘടനകളും കാന്തപുരത്തിനെതിരെ പരസ്യമായി രംഗത്തുവരികയുണ്ടായി. കോഴിക്കോട് സ്ത്രീകള്‍ കാന്തപുരത്തിന്റെ കോലം കത്തിച്ചാണ് പ്രതിഷേധിച്ചത്.
സാംസ്‌കാരിക കേരളത്തിന് അപമാനമായ കാന്തപുരത്തിന്റെ പരാമര്‍ശം ഉയര്‍ത്തിവിട്ട വിവാദം കത്തിനില്‍ക്കെയാണ് കേരളത്തെ ഞെട്ടിച്ച പരാമര്‍ശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗപ്രവേശം ചെയ്തത്.
അഴുക്കുചാല്‍ വൃത്തിയാക്കവേ മാന്‍ഹോളില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ജീവന്‍ നഷ്ടപ്പെട്ട ഓട്ടോ തൊഴിലാളി നൗഷാദിനെ കുറിച്ചാണ് വെള്ളാപ്പള്ളി വിവാദ പരാമര്‍ശം നടത്തിയത്.
നൗഷാദിന്റെ കുടുംബത്തിന് ധനസഹായം നല്‍കിയത് മുസ്ലീമായതുകൊണ്ടാണെന്നും മുസ്ലീമായി മരിക്കാന്‍ കൊതിതോന്നുന്നുവെന്നുമാണ് വെള്ളാപ്പള്ളി സമത്വ മുന്നേറ്റ യാത്രയോടനുബന്ധിച്ച് എറണാകുളത്ത് വച്ച് നടന്ന സ്വീകരണ യോഗത്തില്‍ പറഞ്ഞത്.
സംഭവം വിവാദമായതോടെ കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍മാര്‍ ഒറ്റക്കെട്ടായി വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചാണ് പ്രതിഷേധിച്ചത്.
വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ തുടങ്ങി നിരവധി പേരാണ് രംഗത്തുവന്നിരുന്നത്.
അപകടത്തില്‍പ്പെട്ടവരുടെ മതവും ജാതിയും നോക്കിയല്ല നൗഷാദ് മരണത്തിലേക്ക് എടുത്തു ചാടിയതെന്നിരിക്കെ ആ ത്യാഗത്തിന്റെ പ്രഭ ഇല്ലാതാക്കാന്‍ ഒരു വര്‍ഗ്ഗീയ ഭ്രാന്തിനും കഴിയില്ലെന്നാണ് പിണറായി തുറന്നടിച്ചത്. വെള്ളാപ്പള്ളി വര്‍ഗ്ഗീയ ഭ്രാന്തനാണെന്ന് കോടിയേരിയും തൊഗാഡിയയേക്കാള്‍ വലിയ വര്‍ഗീയ വാദിയാവാനാണ് ശ്രമമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ആരോപിച്ചു.
സമത്വമുന്നേറ്റ യാത്ര തിരുവനന്തപുരത്തെത്തുമ്പോഴേക്കും സംസ്ഥാനത്ത് ഹിന്ദു ധ്രുവീകരണമുണ്ടാകുമെന്നായിരുന്നു സംഘാടകര്‍ അവകാശപ്പെട്ടിരുന്നത്.
വര്‍ഗ്ഗീയ വിഷം ചീറ്റി മുതലെടുപ്പ് നടത്താനുള്ള നീക്കത്തിന് പക്ഷേ വെള്ളാപ്പള്ളിയുടെ വിവരക്കേട്‌കൊണ്ട് തിരിച്ചടി നേരിട്ടിരിക്കുകയാണ്.