തിരുവനന്തപുരം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളുടെ ചാൻസലർ സ്ഥാനത്തു നിന്നും നീക്കുന്നത് പരിഗണനയിൽ. സർക്കാറിനും സർവകലാശാല വൈസ് ചാൻസിലർമാർക്ക് എതിരെ കടുത്ത നിലപാടുമായാണ് ഗവർണർ മുന്നോട്ട് പോകുന്നത്. ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കുന്നത് ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായി. വിഷയവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സംസ്ഥാന സമിതിയിലുണ്ടാകുമെന്നാണ് സൂചന.
വിസിമാരുടെ അടക്കം നിയമനത്തിൽ ചട്ടലംഘനമുണ്ടായെന്നും സ്വന്തക്കാരെ തിരുകിക്കയറ്റാൻ ഭരണ മുന്നണി ശ്രമിച്ചുവെന്നുമുള്ള ആരോപണമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശക്തമായി ഉയർത്തുന്നത്. വിസിമാരോട് രാജിയാവശ്യപ്പെട്ട അദ്ദേഹം, തന്റെ നിലപാടുകളെ ചോദ്യംചെയ്ത് പ്രതികരിച്ച മന്ത്രിമാരെയും താക്കീത് ചെയ്തിരുന്നു. മന്ത്രിമാരെ പിൻവലിക്കാൻ താൻ മടിക്കില്ലെന്ന മുന്നറിയിപ്പാണ് ഗവർണർ മന്ത്രിസഭക്കും മുഖ്യമന്ത്രിക്കും നൽകുന്നത്.