പ്രതിഫലം വെട്ടിക്കുറച്ചു; വിരമിക്കല്‍ ഭീഷണിയുമായി ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍

കൊളംബോ: വാര്‍ഷിക പ്രതിഫലം വെട്ടിക്കുറച്ചതിന്റെ പേരില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ കടുത്ത പ്രതിഷേധത്തില്‍. കളിക്കാര്‍ കൂട്ടത്തോടെ വിരമിക്കല്‍ ഭീഷണി മുഴക്കിയെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാര്‍ഷിക കരാറിനായി ഏര്‍പ്പെടുത്തിയ പുതിയ ഗ്രേഡിംഗ് സിസ്റ്റം എന്തടിസ്ഥാനത്തിലാണെന്നും താരങ്ങള്‍ ചോദിക്കുന്നു.

മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്കായി ബംഗ്ലാദേശിലാണ് ശ്രീലങ്കന്‍ താരങ്ങള്‍ ഇപ്പോഴുള്ളത്. അതിനിടയിലാണ് കളിക്കാരും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ കടുത്ത ഭിന്നതയിലാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. കഴിഞ്ഞയാഴ്ചയാണ് 30 താരങ്ങളെ ഉള്‍പ്പെടുത്തി വാര്‍ഷിക കരാര്‍ പുതുക്കാന്‍ തീരുമാനിച്ചത്.

കൊവിഡ് ഏല്‍പ്പിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ എല്ലാവരുടേയും പ്രതിഫല തുക 35% കുറച്ചിരുന്നു. ഇതോടൊപ്പം തന്നെ പുതിയതായി ഏര്‍പ്പെടുത്തിയ ഗ്രേഡിംഗ് സിസ്റ്റവും താരങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. നാല് ഗ്രൂപ്പായിട്ടാണ് കളിക്കാരെ തിരിച്ചിരിക്കുന്നത്. ദിമുത് കരുണ രത്‌ന മാത്രമാണ് ഉയര്‍ന്ന അടിസ്ഥാന പ്രതിഫലമായ ഒരു ലക്ഷം ഡോളര്‍ കിട്ടുന്ന ഗ്രൂപ്പില്‍ വരുന്നത്.

മുതിര്‍ന്ന താരങ്ങളായ ഏഞ്ചലോ മാത്യൂസിനുംദിനേശ് ചാന്ദിമലിനും ഈ ഗ്രൂപ്പില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല.
മിക്ക താരങ്ങളും പ്രതീക്ഷിച്ചതിലും താഴെയുള്ള ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രകടനത്തിന്റെയും ഫിറ്റ്‌നസിന്റെയും നേതൃമികവിന്റെയും അച്ചടക്കത്തിന്റേയും അടിസ്ഥാനത്തിലാണ് ഇതെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വാദിക്കുന്നു.

ഗ്രേഡിംഗിന്റെ അടിസ്ഥാനം എന്താണെന്ന് ബോര്‍ഡ് കൂടുതല്‍ വ്യക്തത വരുത്തണമെന്നാണ് കളിക്കാരുടെ ആവശ്യം. ഇതുവരെ വാര്‍ഷിക കരാര്‍ പുതുക്കാനും ഇവര്‍ തയ്യാറായിട്ടില്ല. കളിക്കാരുമായി ആലോചിച്ച് എടുത്ത തീരുമാനമാണിതെന്നും കരാറില്‍ മാറ്റം വരുത്തില്ലെന്നുമാണ് ബോര്‍ഡിന്റെ പ്രതികരണം.

 

Top