നടി-നടന്മാരുടെ പ്രതിഫലം നിര്‍മാതാക്കള്‍ക്ക് വലിയ തലവേദന ആകുന്നു; വിജയ് ബാബു

സിനിമാ മേഖലയില്‍ പലപ്പോഴായി ചര്‍ച്ചാ വിഷമായിട്ടുള്ള കാര്യമാണ് അഭിനേതാക്കളുടെ പ്രതിഫലം. പ്രത്യേകിച്ച് മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍. ഇടകാലത്ത് ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളും നടന്നിരുന്നു. ഇപ്പോഴിതാ നടി-നടന്മാരുടെ പ്രതിഫലം നിര്‍മാതാക്കള്‍ക്ക് വലിയ തലവേദന ആകുന്നുണ്ടെന്ന് പറയുകയാണ് നടനും നിര്‍മാതാവുമായ വിജയ് ബാബു. ‘പ്രതിഫലത്തില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. 2010ലൊക്കെ സാറ്റലൈറ്റ് ബും വന്നു. അതിന് മുന്‍പ് വളരെ നോര്‍മലായിട്ടുള്ള ശമ്പളം ആയിരുന്നു കേരളത്തിലെ അഭിനേതാക്കള്‍ വാങ്ങിയിരുന്നത്. സാറ്റലൈറ്റ് ബും വരുമ്പോള്‍ റെവന്യു സ്ട്രീം വരികയാണ്. അപ്പോള്‍ എനിക്ക് ഇത്ര റൈറ്റ് ഉണ്ട് എന്നുള്ള രീതിയില്‍ നടിനടന്മാര്‍ പ്രതിഫലം കൂട്ടി. സാറ്റലൈറ്റ് ബൂം കഴിഞ്ഞപ്പോള്‍ ഒടിടി വന്നു. അതുകൂടെ ആയപ്പോള്‍ വേറൊരു സ്ട്രീം വരുന്നു. പിന്നെ ബോക്‌സ് ഓഫീസ്. എനിക്ക് ഇത്രയും സാറ്റലൈറ്റ് അല്ലെങ്കില്‍ ഒടിടി ഉണ്ടെന്ന് പറഞ്ഞ് വീണ്ടും ശമ്പളം ഉയര്‍ത്തുന്നു. പക്ഷേ ഇപ്പോള്‍ രണ്ടും കൈവിട്ടു. ഈ ഉയര്‍ന്ന ശമ്പളം അങ്ങനെ നില്‍ക്കുന്നുണ്ട്. പക്ഷേ ഒടിടിയും സാറ്റലൈറ്റും ചവിട്ടി. അത് ഭയങ്കര പ്രശ്‌നത്തിലേക്കാ പൊയ്‌ക്കൊണ്ടിരിക്കുന്നത്’, എന്ന്് വിജയ് ബാബു പറയുന്നത്. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം.

മലയാള സിനിമയില്‍ ഇനി വരാന്‍ പോകുന്ന കാര്യങ്ങളെ പറ്റിയും വിജയ് ബാബു സംസാരിച്ചു. ‘ഇനി സംഭവിക്കാന്‍ പോകുന്നത് മീഡിയം, സ്മാള്‍ സൈസ് സിനിമകള്‍ ഉണ്ടാകില്ല. മലയാളത്തിന്റെ ഐഡന്റിറ്റി ആയിരുന്നു നല്ല കഥകളും, മീഡിയം സൈസിലുള്ള സിനിമകളും. ആ ഐഡിന്റിറ്റി പതിയെ പൊയ്‌ക്കൊണ്ടിരിക്കയാണ്. പാന്‍ ഇന്ത്യന്‍ സിനിമകളോട് നമ്മള്‍ മത്സരിക്കും. തമിഴിലും തെലുങ്കിലും പണ്ട് ഉണ്ടായിരുന്ന തട്ട് പൊളിപ്പന്‍ മാസ് മസാല പടങ്ങളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നു. ആ പടങ്ങള്‍ക്ക് ഉള്ള തിയറ്ററെ ഉണ്ടാകൂ. മുന്‍പ് വിജയ്, അജിത്ത്, രജനി സാര്‍, അല്ലു അര്‍ജുന്‍ പടങ്ങളൊക്കെയാണ് മലയാള സിനിമ പോലെ റിലീസ് നടന്നുകൊണ്ടിരുന്നത്. ബാഹുബലിയ്ക്ക് ശേഷം അതല്ല. ഈ ക്രിസ്മസിന് ഒരൊറ്റ മലയാളം പടം മാത്രമാണ് റിലീസ് ചെയ്ത്. മഴയും നൊയമ്പും സ്‌കൂളും സ്‌കൂള്‍ ഓപ്പണിങ്ങുമൊക്കെ കഴിഞ്ഞ് കിട്ടുന്നത് ഒരു മുപ്പത്തി എട്ട് ആഴ്ചയാണ്. ഈ 38 ആഴ്ചയില്‍ പണ്ട് അജിത്ത്, വിജയ് പടങ്ങളൊക്കെ കഴിഞ്ഞ് നമുക്ക് കിട്ടിക്കൊണ്ടിരുന്നത് മുപ്പതി രണ്ടാണ്. ഈ ആഴ്ചയില്‍ വേണം 200 പടങ്ങളിറക്കാന്‍. കഴിഞ്ഞ വര്‍ഷം ഇറങ്ങിയത് 225. പാന്‍ സൗത്ത്, പാന്‍ ഇന്ത്യന്‍ പടങ്ങളുടെ ഒരു ഇന്‍ഫ്‌ലുവന്‍സ് കഴിയുമ്പോള്‍ മലയാള സിനിമയ്ക്ക് കിട്ടുന്നത് ഇരുപത്തി അഞ്ച് ആഴ്ചയാണ്. ഒരാഴ്ച പത്ത് സിനിമകളൊക്കെയാണ് വരുന്നത്. കൊവിഡിന് മുന്‍പ് ഷൂട്ട് ചെയ്ത പടങ്ങള്‍ വരെ ഇപ്പോഴും റിലീസ് ചെയ്യാനുണ്ട്. ഇതിറങ്ങി തീരണ്ടേ. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ നിര്‍മാണ ചെലവിന്റെ പത്ത് ശതമാനം പോലും എഴുപത് ശതമാനം സിനിമകളും നേടിയിട്ടില്ല. നമുക്ക് ഇരുപത് കമേഷ്യല്‍ ഹീറോസ്, ഹീറോയിന്‍സ് ഉണ്ട്. ഇവര്‍ ഒരു വര്‍ഷത്തില്‍ നാല് പടം വച്ച് ചെയ്യുന്നവരാണ്. അപ്പോള്‍ തന്നെ എണ്‍പതായോ’, എന്ന് വിജയ് ബാബു പറയുന്നു.

Top