തിരുവനന്തപുരം: ഇടത്പക്ഷ അനുഭാവികളില്‍ നിന്നും രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുന്നെന്ന് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയ അരിതാ ബാബുവിന് പിന്തുണയറിച്ച് രമ്യ ഹരിദാസ് എംപി. ഫേക്ക് ഐഡികളും സൈബര്‍ പോരാളികളുമാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റുകളെന്നും ഇവരെ അവഗണിച്ച് മുന്നോട്ട് പോവണമെന്നും രമ്യ ഹരിദാസ് അരിതയോടായി ഫേസ്ബുക്കില്‍ കുറിച്ചു. ഇത് അരിതയുടെ മാത്രം പ്രശ്‌നമല്ലെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ ഇത്തരക്കാര്‍ ഇടുന്ന കമന്റുകളില്‍ പലതും കേട്ടാലറയ്ക്കുന്ന തെറികളാണെന്നും രമ്യ ഹരിദാസ് പറയുന്നു.
രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്
പ്രിയപ്പെട്ട അരിതാബാബു,
മുഖം മിനുക്കിയ ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ ഗുണവും മണവുമൊക്കെ വിട്ടുപോയിട്ട് കാലങ്ങളായി. പാടത്ത് പണിയെടുക്കുന്നവന്റെയും കൊയ്ത്തു പാട്ട് പാടുന്നവന്റെയും സംരക്ഷകരായി ചിത്രീകരിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ്കള്‍ സിനിമയില്‍ പോലും അന്യം നിന്നിരിക്കുന്നു. ഫേക്ക് ഐഡികളും സൈബര്‍ പോരാളികളുമാണ് ഇന്നത്തെ കമ്മ്യൂണിസം.നേതാവ് തൊട്ട് അണികള്‍ വരെ ഒരേ സംസ്‌കാരം..അവിടെയാണ് പരനാറിയും കള്ളസുവറും ദ്വയാര്‍ത്ഥങ്ങളും തെറിവിളികളും കയറി വരുന്നത്. മുതിര്‍ന്ന നേതാക്കളെ ക്യാപിറ്റല്‍ പണിഷ്‌മെന്റിന് വിടുന്നത്. എതിരെ എഴുതുന്ന മാധ്യമപ്രവര്‍ത്തകര്‍ പിതൃശൂന്യര്‍ ആകുന്നത്. പാര്‍ട്ടി മാറുന്നവര്‍ കുലംകുത്തികള്‍ ആകുന്നത്. മതമേലധ്യക്ഷന്മാര്‍ നികൃഷ്ടജീവികള്‍ ആകുന്നത്.
നികത്തപ്പെടുന്ന നിലങ്ങളും പാടങ്ങളും കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് മനസ്സില്‍ വേദന സൃഷ്ടിക്കാതെ പോകുന്നത്..കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി സാധാരണക്കാരെ ഒറ്റു കൊടുക്കേണ്ടിവരുന്നത്. കമ്മ്യൂണിസത്തിന്റെ ആധുനിക വകഭേദമാണ്.
അരിതേ,
സാമൂഹ്യ മാധ്യമങ്ങളില്‍ ഇവര്‍ക്കിത് സ്ഥിരം ഏര്‍പ്പാടാണ്.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ,കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് എഴുതുന്ന എന്റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ താഴെ വരുന്ന കമന്റുകള്‍ പലപ്പോഴും കേട്ടാലറക്കുന്ന തെറികളാണ്,ആക്ഷേപങ്ങളാണ്.ഫേക്ക് ഐഡികളില്‍നിന്നും മാത്രമല്ല സ്വന്തം മുഖം വെച്ചും തെറി പറയും,അത് അഭിമാനത്തിന്റെ ചിഹ്നമായി കാണുന്നവനാണ് സമൂഹമാധ്യമങ്ങളിലെ പാര്‍ട്ടി പോരാളികള്‍.പ്രായമായ സ്വന്തം മക്കളോ മാതാപിതാക്കളോ ഇത്തരം തെറിയഭിഷേകങ്ങള്‍ കാണുമെന്ന ലജ്ജപോലുമില്ലാത്ത സംസ്‌കാര ശൂന്യര്‍..
ഇത് താങ്കളുടെ മാത്രം പ്രശ്‌നമല്ല,കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും കേരളം ഭരിക്കുന്ന സര്‍ക്കാറിനെയും വിമര്‍ശിക്കുന്നവരെല്ലാം അനുഭവിക്കേണ്ടിവരുന്ന ദുരവസ്ഥയാണ്..തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുക..നമ്മുടെ പ്രവര്‍ത്തനങ്ങളുമായി ജനങ്ങളോടൊപ്പം മുന്നോട്ടു പോവുക. സാധാരണക്കാരായ ജനങ്ങള്‍ നമ്മുടെ കൂടെയുണ്ടാവും…തീര്‍ച്ച.. ഇത്തരം കാര്യങ്ങളില്‍ കേരളം ഭരിക്കുന്ന ഭരണാധികാരികളില്‍ നിന്നോ കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തില്‍ നിന്നോ നീതി ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നേയില്ല.