ന്യൂഡല്‍ഹി: സ്ഥലങ്ങളുടെ പേരു മാറ്റിയതുകൊണ്ട് ഒരിക്കലും അനധികൃതമായതു നിയമവിധേയമാകില്ലെന്നു ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ പ്രദേശമാണെന്നും വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്ലെ കൂട്ടിച്ചേര്‍ത്തു.
അരുണാചലിലെ ആറു സ്ഥലങ്ങളുടെ പേര് ചൈനീസ് ഭാഷയിലേക്കു ചൈന മാറ്റിയിരുന്നു. ഈ നീക്കത്തിനുള്ള മറുപടിയാണ് ഇന്ത്യ ഇന്നു നല്‍കിയത്.
ബുധനാഴ്ചയാണു പേരു മാറ്റത്തെക്കുറിച്ചു ചൈനയുടെ ഔദ്യോഗിക മാധ്യമം വഴി പുറത്തുവന്നതെങ്കിലും ഏപ്രില്‍ 13 മുതല്‍ മാറ്റിയ പേരുകള്‍ നിലവില്‍ വന്നെന്നാണു റിപ്പോര്‍ട്ട്.
ടിബറ്റ് ആത്മീയാചാര്യന്‍ ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തോടുള്ള എതിര്‍പ്പാണ് ചൈനയുടെ ഇപ്പോഴത്തെ നീക്കത്തിനു കാരണം. ഒന്‍പതു ദിവസത്തെ സന്ദര്‍ശനത്തിനുശേഷം ദലൈലാമ അരുണാചലില്‍ നിന്നു തിരിച്ചതിനു പിറ്റേന്നാണു പേരുമാറ്റിയത്.