ന്യൂ ഡെല്‍ഹി : ചൈനീസ് വിപണിയിലേക്കായി റെനോ ക്വിഡിനെ അടിസ്ഥാനമാക്കി വില കുറഞ്ഞ, കോംപാക്റ്റ് ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കാന്‍ റെനോനിസ്സാന്‍ സഖ്യം തയ്യാറെടുക്കുന്നു. ചൈനീസ് കാര്‍ വിപണിയുടെ ഭാവി ഇലക്ട്രിക് ആണെന്ന് തിരിച്ചറിഞ്ഞാണ് ഇപ്പോഴത്തെ നീക്കം. ചെലവ് കുറഞ്ഞ ഇലക്ട്രിക് വാഹനം പുറത്തിറക്കി ചൈനീസ് കാര്‍ വിപണിയുടെ നല്ലൊരു പങ്ക് കൈക്കലാക്കുകയാണ് ആത്യന്തിക ലക്ഷ്യം.
കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കിലും നഗരങ്ങളില്‍ വസിക്കുന്നവര്‍ക്ക് ഹ്രസ്വദൂര യാത്രകള്‍ നടത്തുന്നതിന് കോംപാക്റ്റ് കാര്‍ ഡിസൈന്‍ ചെയ്യാനാണ് തീരുമാനമെന്ന് നിസ്സാന്‍ സിഇഒ ഹിരോതോ സായികാവ വ്യക്തമാക്കി.
പ്രധാനമായും ബെയ്ജിംഗ്, ഷാങ്ഹായ് തുടങ്ങിയ നഗരങ്ങളെ ലക്ഷ്യം വെച്ചാണ് റെനോ ക്വിഡ് ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കുന്നത്. 2018 തുടക്കത്തില്‍ കാര്‍ വിപണിയില്‍ ലഭ്യമാകും. റെനോനിസ്സാന്റെ ചൈനീസ് പങ്കാളിയായ ഡോങ്‌ഫെങ് മോട്ടോറായിരിക്കും കാര്‍ നിര്‍മ്മിക്കുന്നത്.
ചൈനയില്‍ ഇലക്ട്രിക് കാറുകള്‍ക്ക് ഉദാരമായാണ് സബ്‌സിഡികള്‍ അനുവദിക്കുന്നത്. ചൈനീസ് വാഹന വിപണി ഇപ്പോള്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ക്കായി പരുവപ്പെട്ടുകഴിഞ്ഞു. ചൈനയിലെ ഈ അനുകൂല സാഹചര്യം മുതലാക്കാന്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്.
എന്നാല്‍ ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ചൈനയിലെ മാറിയ സാഹചര്യങ്ങളെക്കുറിച്ച് വലിയ പിടിപാടില്ലായിരുന്നു. ഇവരില്‍ നിസ്സാനാണ് ചൈനയിലെ സാധ്യതകള്‍ ആദ്യം മനസ്സിലാക്കുന്നത്. ചൈനയില്‍ ഹോണ്ട അടുത്ത വര്‍ഷം ഇലക്ട്രിക് വാഹനം അവതരിപ്പിക്കും. പ്രാദേശികമായി കാര്‍ നിര്‍മ്മിക്കാനാണ് ടൊയോട്ട ആലോചിക്കുന്നത്. എന്തായാലും ചെലവ് കുറഞ്ഞ ഇലക്ട്രിക് കാറിനായിരിക്കും പ്രഥമ പരിഗണന.
ക്വിഡ് അടിസ്ഥാനമാക്കിയ ഇലക്ട്രിക് വാഹനം പിന്നാലെ വരും ; ഇപ്പോള്‍ നിസ്സാന്‍ അടുത്ത തലമുറ ലീഫ് സെപ്റ്റംബര്‍ 9 ന് അവതരിപ്പിക്കാന്‍ പോവുകയാണ്. ഈ മോഡലിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു.
സാങ്കേതികവിദ്യയുടെയും റേഞ്ചിന്റെയും സുഖസൗകര്യങ്ങളുടെയും കാര്യത്തില്‍ വലിയ കുതിച്ചുചാട്ടം തന്നെയായിരിക്കും നെക്സ്റ്റ്‌ജെന്‍ ലീഫ് കാഴ്ച്ചവെയ്ക്കുക. നിസ്സാന്റെ പ്രീമിയം ഇലക്ട്രിക് വാഹനമായി പുതിയ ലീഫും ചൈനയില്‍ വില്‍പ്പനയ്‌ക്കെത്തിക്കും. നെക്സ്റ്റ്‌ജെന്‍ ലീഫ് ഇന്ത്യയിലുമെത്തും.