റെനോ ക്യാപ്ച്ചറിന് രണ്ടുലക്ഷം രൂപ വിലക്കിഴിവ് ; പ്രാരംഭ വില എട്ടുലക്ഷം മുതല്‍

രാജ്യത്തുടനീളമുള്ള റെനോ ഡീലര്‍ഷിപ്പുകളില്‍ കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ച ക്യാപ്ച്ചര്‍ എസ്യുവികള്‍ കെട്ടിക്കിടക്കുന്നു. ക്യാപ്ച്ചര്‍ എസ്യുവി വാങ്ങാന്‍ വരുന്ന ആളുകളുടെ എണ്ണവും വളരെ കുറവാണ്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ക്യാപ്ച്ചര്‍ എസ്യുവികള്‍ക്ക് രണ്ടുലക്ഷം രൂപയുടെ വന്‍വിലക്കിഴിവ് കമ്പനി പ്രഖ്യാപിച്ചു. സ്റ്റോക്ക് വിറ്റുതീര്‍ക്കുന്നതിന്റെ ഭാഗമായാണിത്. 2017 നിര്‍മ്മിത മോഡലുകളില്‍ മാത്രമെ വിലക്കിഴിവ് ലഭ്യമാവുകയുള്ളു.

ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ എട്ടുലക്ഷം രൂപ മുതലാണ് ക്യാപ്ച്ചര്‍ എസ്യുവിക്ക് വില തുടങ്ങുന്നത്. കഴിഞ്ഞ നവംബറില്‍ 9.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് റെനോ ക്യാപ്ച്ചര്‍ ഇന്ത്യയിലെത്തിയത്. ക്യാപ്ച്ചറില്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ ലഭ്യമാണ്.

ക്യാപ്ച്ചറിലുള്ള 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 106 bhp കരുത്തും 140 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. 1.5 ലിറ്റര്‍ K9K ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന് 108 bhp കരുത്തും 248 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഡീസല്‍ പതിപ്പില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

പൂര്‍ണ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, C ആകൃതിയുള്ള ഫോഗ്ലാമ്പുകള്‍, വീതിയേറിയ വീല്‍ ആര്‍ച്ചുകള്‍, 17 ഇഞ്ച് ക്രിസ്റ്റല്‍ കട്ട് അലോയ് വീലുകള്‍, C ആകൃതിയുള്ള എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ഇരട്ടനിറങ്ങള്‍ എന്നിങ്ങനെ നീളും റെനോ ക്യാപ്ച്ചറിന്റെ ഡിസൈന്‍ സവിശേഷതകള്‍.

Top