ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവിയായ കിഗര്‍ 2021 ഫെബ്രുവരി അവസാനവാരമാണ് ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിച്ചത്. വളരെപ്പെട്ടെന്ന് ജനപ്രിയമായി മാറിയ ഈ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ കയറ്റുമതി റെനോ ആരംഭിച്ചതായി റിപ്പോർട്ട്. ആദ്യ ബാച്ച് ദക്ഷിണ ആഫ്രിക്കയിലേക്കാണു റെനോ ഇന്ത്യ കയറ്റി അയച്ചതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കിഗറിലൂടെ ഇന്ത്യൻ വിപണിയിലെ ഏറ്റവും വലുതും അതിവേഗ വിൽപന വളർച്ച രേഖപ്പെടുത്തുന്നതുമായ വിഭാഗത്തിലേക്കാണു റെനോ ഇടം നേടിയതെന്നു റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ വെങ്കട്ട്റാം മാമില്ലപ്പള്ളി പറഞ്ഞു. കമ്പനി ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ ശാലയിൽ നിർമിച്ച കൈഗർ ആദ്യം നേപ്പാളിലും ഇപ്പോൾ ദക്ഷിണ ആഫ്രിക്കയിലും അവതരിപ്പിച്ചത്.
ഇന്ത്യയിൽ നിർമിച്ച കിഗർ ഭാവിയിൽ ഇന്തോനേഷ്യടക്കം കൂടുതൽ വിദേശ രാജ്യങ്ങളിൽ വിൽപനയ്ക്കെത്തിക്കാനും റെനോയ്ക്കു പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ ഇന്ത്യൻ നിർമിത കൈഗറിനു വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലും സാർക് മേഖലയിലും റെനോ വിപണന സാധ്യത പ്രതീക്ഷിക്കുന്നുണ്ട്. ഇരട്ട സ്ലാറ്റ് ക്രോം ഗ്രിൽ, മൂന്ന് എൽ ഇ ഡികളുള്ള ഹെഡ്‌ലാംപ്, എൽഇഡി ഡേടൈം റണ്ണിങ് ലാംപ്, സി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ, ഫംക്ഷനൽ റൂഫ് റയിൽ എന്നിവയൊക്കെ കൈഗറിലുണ്ട്.
അമേരിക്കൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു തരം കുതിരയാണ് കിഗർ. പുത്തന്‍ വാഹനം കരുത്തനാണെന്ന സൂചനയാണ് റെനോ ഈ പേരിലൂടെ നല്‍കുന്നത്.