renault kwid records sale over 1lakh cars

ഫ്രഞ്ച് നിര്‍മാതാക്കളായ റെനോയുടെ ഇന്ത്യന്‍ ഉപസ്ഥാപനത്തിന്റെ എന്‍ട്രി ലവല്‍ ഹാച്ച്ബാക്കായ ‘ക്വിഡി’ന്റെ വില്‍പ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടു. നിരത്തിലെത്തി ഒരു വര്‍ഷം പിന്നിടുന്ന വേളയിലാണു ‘ക്വിഡ്’ ഈ നേട്ടം സ്വന്തമാക്കുന്നത്. നിലവില്‍ റെനോ ഇന്ത്യയുടെ വില്‍പ്പനയില്‍ കൂടുതല്‍ സംഭാവന ചെയ്യുന്നതും ‘ക്വിഡ്’ തന്നെ.

കഴിഞ്ഞ ജനുവരി – സെപ്റ്റംബര്‍ കാലത്തിനിടെ റെനോ ഇന്ത്യ കൈവരിച്ച 87,000 യൂണിറ്റ് വില്‍പ്പനയില്‍ 65,000 എണ്ണവും ‘ക്വിഡ്’ ആയിരുന്നെന്നു കമ്പനി കണ്‍ട്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി വെളിപ്പെടുത്തുന്നു.

മികച്ച വിജയം വരിച്ചു മുന്നേറുന്ന ‘ക്വിഡി’ന്റെ രണ്ടു പുതു വകഭേദങ്ങളും റെനോ ഇന്ത്യ ഇതിനിടെ പുറത്തിറക്കി: കരുത്തേറിയ ഒരു ലീറ്റര്‍ എന്‍ജിനുള്ള മോഡലും ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (എ എം ടി) സഹിതമുള്ള ‘ക്വിഡ് ഈസി – ആറും’.

ഈ പുതുമോഡലുകള്‍ കൂടിയെത്തിയതോടെ ‘ക്വിഡി’ന്റെ ജനപ്രീതി വീണ്ടും ഉയര്‍ന്നെന്നാണു റെനോയുടെ അവകാശവാദം.

ആഭ്യന്തര വിപണിയിലെ മികവ് ‘ക്വിഡ്’ വിദേശ രാജ്യങ്ങളിലും ആവര്‍ത്തിക്കുന്നതും റെനോയ്ക്കു നേട്ടമായിട്ടുണ്ട്. ബ്രസീലിലും ‘ക്വിഡ്’ നിര്‍മിക്കുന്നുണ്ടെങ്കിലും ഇന്ത്യയാവും ഈ കാറിന്റെ കയറ്റുമതി ഹബ്വെന്നു റെനോ നിസ്സാന്‍ സഖ്യത്തിന്റെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ കാര്‍ലോസ് ഘോസ്ന്‍ വ്യക്തമാക്കിയിട്ടുണ്ട്.

തുടക്കത്തില്‍ സാര്‍ക് മേഖലയിലെ ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിലേക്കാണു ‘ക്വിഡ്’ കയറ്റുമതി ചെയ്യുന്നത്.

കാറിന്റെ അടിസ്ഥാന മോഡലിനു കരുത്തേകുന്നത് മികവു തെളിയിച്ച 796 സി സി, മൂന്നു സിലണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്; 53 ബി എച്ച് പി വരെ കരുത്തും 72 എന്‍ എം വരെ ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷഅടിക്കുക. കരുത്തേറിയ ‘ക്വിഡി’ലുള്ളത് 999 സി സി, മൂന്നു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്. ഈ എന്‍ജിന് 67 ബി എച്ച് പി വരെ കരുത്തും 91 എന്‍ എം വരെ ടോര്‍ക്കും സൃഷ്ടിക്കാനാവും.

അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോസ്‌കിനു പുറമെ എ എം ടി സഹിതവും ഒരു ലീറ്റര്‍ ‘ക്വിഡ്’ വില്‍പ്പനയ്ക്കുണ്ട്. ഇന്ത്യയില്‍ മാരുതി സുസുക്കി ‘ഓള്‍ട്ടോ കെ 10’, ‘സെലേറിയൊ’ , ഹ്യുണ്ടേയ് ‘ഐ 10’, ടാറ്റ ‘ടിയാഗൊ’ തുടങ്ങിയവയാണു ‘ക്വിഡി’ന്റെ എതിരാളികള്‍; 2.64 ലക്ഷം മുതല്‍ 3.95 ലക്ഷം രൂപ വരെയാണു ‘ക്വിഡി’നു ഡല്‍ഹിയിലെ ഷോറൂം വില.

.

Top