നാലുലക്ഷം യൂണിറ്റ് ക്വിഡ് കാറുകള്‍ എന്ന മാന്ത്രിക സംഖ്യ തികച്ചത് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ. 4,00,000-ാമത്തെ ക്വിഡ് കാര്‍ അടുത്തിടെ ഒരു ഉപഭോക്താവിന് കൈമാറിയെന്ന് റെനോ ഇന്ത്യ പ്രഖ്യാപിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച് 10-ാം വര്‍ഷത്തിലാണ് കമ്പനിയുടെ ഈ നേട്ടം.
അതേസമയം 2015-ല്‍ ആണ് റെനോ ഇന്ത്യ ക്വിഡിനെ അവതരിപ്പിക്കുന്നത്. വളരെപ്പെട്ടെന്ന് ഈ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ജനഹൃദയങ്ങളില്‍ ഇടംപിടിച്ചു. വാഹനത്തിന്റെ കോംപാക്ട് എസ്യുവി സ്‌റ്റൈല്‍ ഡിസൈനും താങ്ങാനാവുന്ന വിലയുമായിരുന്നു ഈ ജനപ്രിയതയുടെ മുഖ്യ കാരണം. മോഡലിന് 2019 ഒക്ടോബറില്‍ ആദ്യത്തെ മിഡ്-ലൈഫ് പരിഷ്ക്കാരവും റെനോ സമ്മാനിച്ചിരുന്നു.
2020 ജനുവരിയില്‍ കാറിന്റെ ബിഎസ്6 പതിപ്പും നിരത്തിലെത്തി. അടുത്തിടെ, ഫ്രഞ്ച് ബ്രാന്‍ഡ് ക്വിഡ് മോഡല്‍ ലൈനപ്പിലുടനീളം സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി ഡ്യുവല്‍ എയര്‍ബാഗുകള്‍ നിര്‍മിച്ചു. ഈ പരിഷ്‌ക്കാരത്തിലൂടെ വാഹനം ഇന്ത്യയില്‍ നിലവിലുള്ളതും വരാനിരിക്കുന്നതുമായ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാന്‍ വരെ പ്രാപ്തമായിരുന്നു.
800 സിസി, 3 സിലിണ്ടര്‍ പെട്രോള്‍, 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് റെനോ ക്വിഡ് വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തേത് 54 bhp കരുത്തില്‍ 72 Nm ടോര്‍ഖ് ഉത്പാദിപ്പിക്കും. അതേസമയം 1.0 ലിറ്റര്‍ പതിപ്പ് 68 bhp പവറില്‍ 91 Nm torque ആണ് വികസിപ്പിക്കുന്നത്.
വാഹനത്തിന്റെ ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ 5 സ്പീഡ് മാനുവല്‍ ഒരു എഎംടി എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ എഎംടി 1.0 ലിറ്റര്‍ മോഡലുകളില്‍ മാത്രമാണ് ലഭ്യമാവുക. 300 ലിറ്ററിന്റെ വലിയ ബൂട്ട് സ്‌പെയ്‌സാണ് ക്വിഡിനുള്ളത്. അതേസമയം 180 മില്ലീമീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്.