റെനോ ട്രൈബർ ലിമിറ്റഡ് എഡിഷൻ എത്തി,നാല് എയർബാഗുകളും റിവേഴ്‍സ് ക്യാമറയും

ട്രൈബര്‍ കോംപാക്ട് എംപിവി രാജ്യത്ത് ഒരു ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ടതായി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ അറിയിച്ചു. നേട്ടത്തിന്റെ ഈ നാഴികക്കല്ല് ആഘോഷിക്കുന്നതിനായി, കമ്പനി പുതിയ റെനോ ട്രൈബര്‍ ലിമിറ്റഡ് എഡിഷന്‍ (എല്‍ഇ) പുറത്തിറക്കി. 7.24 ലക്ഷം രൂപ (എക്‌സ്-ഷോറൂം ദില്ലി) പ്രാരംഭ വിലയില്‍ ആണ് വാഹനം പുറത്തിറക്കിയത് എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റെനോ ട്രൈബര്‍ ലിമിറ്റഡ് എഡിഷനില്‍ (LE) 1.0 ലിറ്റര്‍ 3-സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 6,250rpm-ല്‍ 71bhp ഉം 3,500rpm-ല്‍ 96Nm ടോര്‍ഖും ഉത്പാദിപ്പിക്കുന്നു. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 5-സ്പീഡ് മാനുവലും 5-സ്പീഡ് എഎംടിയും ഉള്‍പ്പെടുന്നു.

ലിമിറ്റഡ് എഡിഷന്‍ ട്രൈബര്‍ പുതിയ സ്‌റ്റൈലിഷ് അകാസ ഫാബ്രിക് അപ്ഹോള്‍സ്റ്ററിക്കൊപ്പം പിയാനോ ബ്ലാക്ക് ഫിനിഷോടുകൂടിയ ഡ്യുവല്‍-ടോണ്‍ ഡാഷ്ബോര്‍ഡുമായാണ് വരുന്നത്. പൂര്‍ണ്ണമായി ഡിജിറ്റല്‍ വൈറ്റ് എല്‍ഇഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ക്രോം റിംഗ് ഉള്ള എച്ച്വിഎസി നോബുകള്‍, കറുത്ത അകത്തെ ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ ഇതിന്റെ സവിശേഷതകളാണ്.

പുതിയ റെനോ ട്രൈബര്‍ ലിമിറ്റഡ് എഡിഷന്‍ ഡ്യൂവല്‍ ടോണ്‍ എക്സ്റ്റീരിയറില്‍ മൂണ്‍ലൈറ്റ് സില്‍വര്‍, സീഡാര്‍ ബ്രൗണ്‍ നിറങ്ങളില്‍ ബ്ലാക്ക് റൂഫില്‍ ലഭിക്കും. പുതുതായി രൂപകല്പന ചെയ്ത 14 ഇഞ്ച് ഫ്‌ലെക്‌സ് വീലിലാണ് ഇത് സഞ്ചരിക്കുന്നത്. പുതിയ ട്രൈബര്‍ എല്‍ഇയില്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും മുന്നിലും വശത്തും ആയി നാല് എയര്‍ബാഗുകള്‍ സജ്ജീകരിച്ചിരിക്കുന്നു. സ്റ്റിയറിങ് മൗണ്ടഡ് ഓഡിയോ, ഫോണ്‍ നിയന്ത്രണങ്ങള്‍ക്കൊപ്പം ആറ്-വഴി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടുകൂടിയ റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറയും ഇതിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Top