വില കുറഞ്ഞ വൈദ്യുത കാര്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ. അഞ്ചു വര്‍ഷത്തിനകം ബാറ്ററിയില്‍ ഓടുന്ന പുതിയ കാര്‍ യൂറോപ്പില്‍ അവതരിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് റെനോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ തിയറി ബൊളൊര്‍ വെളിപ്പെടുത്തി. ഏകദേശം 11,000 ഡോളറാവും കാറിന്റെ വില.
വൈദ്യുത വാഹന വികസന മേഖലയില്‍ ദീര്‍ഘകാലമായി സജീവസാന്നിധ്യമാണു റെനോ. കമ്പനിയുടെ വൈദ്യുത ഹാച്ച്ബാക്കായ സോ യൂറോപ്യന്‍ വിപണികളില്‍ കാര്യമായ ജനപ്രീതിയും നേടിയെടുത്തിട്ടുണ്ട്. ഈ അനുഭവസമ്പത്തിന്റെ പിന്‍ബലത്തില്‍ വില കുറഞ്ഞ വൈദ്യുത കാര്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിനാണു റെനോ ഇപ്പോള്‍ തുടക്കം കുറിക്കുന്നത്. വില കുറഞ്ഞ ഈ വൈദ്യുത കാര്‍ വാടകയ്ക്കു നല്‍കാനുള്ള സാധ്യതയും കമ്പനിയുടെ പരിഗണനയിലുണ്ട്.
വില്‍പ്പന പരിമിതമെങ്കിലും റെനോയുടെ വൈദ്യുത കാര്‍ വില്‍പ്പന ഇപ്പോള്‍ തന്നെ ആദായകരമായ നിലയിലാണെന്നു ബൊളൊര്‍ അവകാശപ്പെട്ടു. എങ്കിലും ഭാവിയിലെ വിപണന സാധ്യതകള്‍ പരിഗണിക്കുമ്പോള്‍ വൈദ്യുത വാഹന നിര്‍മാണത്തില്‍ ലാഭ സാധ്യതയേറെയാണെന്നും അദ്ദേഹം വിലയിരുത്തി. അതിനിടെ ചെറു ഹാച്ച്ബാക്കായ ‘ക്വിഡി’ന്റെ വൈദ്യുത പതിപ്പ് റെനോ ചൈനീസ് വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തിച്ചു; കെ സെഡ് ഇ എന്ന പേരിലാണു ബാറ്ററിയില്‍ ഓടുന്ന ‘ക്വിഡ്’ ചൈനയില്‍ വിപണനം ചെയ്യുന്നത്.