കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി മുഖ്യപ്രതി ജോളിയുടെ മകന്‍ റൊമോ റോയി.ജോളി ഒറ്റയ്ക്കല്ല, ഈ കൊലപാതകങ്ങള്‍ ചെയ്തതെന്നും മറ്റൊരാളുടെ സഹായമില്ലാതെ അമ്മയ്ക്ക് ഈ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ലെന്നും മകന്‍ റൊമോ പറഞ്ഞു.
തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണമെന്നും അന്വേഷണസംഘവുമായി പൂര്‍ണമായി സഹകരിക്കുമെന്നും റൊമോ പറഞ്ഞു. കേസില്‍ എന്തൊക്കെയോ തെളിയാന്‍ ഉണ്ടെന്നാണ് കരുതുന്നതെന്നും റൊമോ പറഞ്ഞു.
ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെതിരെയും രൂക്ഷ പ്രതികരണമാണ് റൊമോ നടത്തിയത്. കൊലപാതകങ്ങളില്‍ ഷാജുവിന് പങ്കുണ്ടോയെന്ന കാര്യത്തില്‍ സംശയിക്കുന്നുണ്ടെന്നും റൊമോ പറഞ്ഞു. താന്‍ നിരപരാധിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഷാജു നടത്തുന്നത്. വീട്ടില്‍ നിന്നും സാധനങ്ങള്‍ മാറ്റിയതില്‍ സംശയിക്കുന്നുണ്ട്.ഈ ഒരു സാഹചര്യത്തില്‍ അങ്ങനെയൊരു നീക്കം നടത്തേണ്ട കാര്യമില്ല. നിര്‍ണായക തെളിവുകള്‍ കടത്തിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഷാജു തെറ്റിനെ മറച്ചു പിടിക്കാന്‍ ശ്രമിക്കുകയാണെന്നും റൊമോ പറഞ്ഞു.
കുഞ്ഞിന്റെ മരണത്തിലും ഷാജു വിഷമിച്ചിരുന്നില്ല. സിലിയുടെ മരണത്തെക്കുറിച്ച് ജോളി പറഞ്ഞപ്പോള്‍, സാരമില്ല പോട്ടേ, അല്ലെങ്കിലും അവള്‍ മരിക്കേണ്ടതായിരുന്നു എന്നായിരുന്നു ഷാജുവിന്റെ പ്രതികരണമെന്നും റൊമോ പറഞ്ഞു.ഷാജു പറയുന്നത് പോലെ, പിതാവ് സ്ഥിരം മദ്യപാനിയല്ലെന്നും ജോളിയും റോയിയും കലഹിച്ചിട്ടില്ലെന്നും റൊമോ പറഞ്ഞു.ജോളിയെ അന്വേഷണസംഘം ചോദ്യം ചെയ്യുമ്പോള്‍ ഷാജു സിനിമ കാണുകയായിരുന്നെന്നും റൊമോ വെളിപ്പെടുത്തി.
മരിച്ച റോയിയുടെ സഹോദരി റെഞ്ചി തോമസും കേസിനെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തി. മാത്യുവും ഷാജുവും അല്ലാതെ മറ്റൊരാള്‍ ആ വീട്ടില്‍ വരുന്നതിനെ പിതാവ് ടോം തോമസ് ശക്തമായി എതിര്‍ത്തിരുന്നു. ശ്രീലങ്കയില്‍ വന്നപ്പോള്‍ പിതാവ് തന്നോട് ഇക്കാര്യം പറഞ്ഞിരുന്നു.
ആളുടെ വിവരമോ കൂടുതല്‍ വിശദാംശങ്ങളോ കേസ് നടക്കുന്നതിനാല്‍ ഇപ്പോള്‍ വ്യക്തമാക്കാന്‍ പറ്റില്ലെന്നും റെഞ്ചി പറഞ്ഞു. അയാളെ പിതാവിന് ഇഷ്ടമായിരുന്നില്ല. എന്നാല്‍ റോയ് തോമസിന് അയാളോട് അതൃപ്തി ഉണ്ടായിരുന്നില്ല. അയാള്‍ കൊലയില്‍ ഇടപെട്ടോ എന്ന് പൊലീസ് തെളിയിക്കട്ടെ എന്നും റെഞ്ചി പറഞ്ഞു.
റോയി മരിക്കുമ്പോഴാണ് തങ്ങള്‍ വീട്ടിലേക്ക് വരുന്നത്. അതിന് മുമ്പ് തന്നെ ജോളിക്ക് എന്‍ഐടിയില്‍ ജോലിയില്ലെന്നും തങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അതൊന്നും ബന്ധുക്കള്‍ വിശ്വസിച്ചില്ല. റോയിയുടെ മരണത്തില്‍ ദുരൂഹതയുണ്ടായിട്ടും അതില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ജോളി തയ്യാറായില്ലെന്നും റെഞ്ചി പറഞ്ഞു.
താന്‍ അറിയുന്ന സഹോദരനായിരുന്നില്ല മരണസമയത്ത് റോയിയെന്നും സഹോദരി പറഞ്ഞു. അമ്മ മരിച്ച ശേഷം റോയി മാനസികമായി തകര്‍ന്നിരുന്നു. അതായിരിക്കാം റോയിയെ മദ്യപാനത്തിലേക്ക് നയിച്ചത്. റോയി മദ്യത്തിന് അടിമയാണെന്ന് നാട്ടുകാര്‍ പറഞ്ഞാണ് അറിഞ്ഞതെന്നും റെഞ്ചി പറഞ്ഞു.
അച്ഛനും സഹോദരനും മരിക്കുമ്പോള്‍ താന്‍ ശ്രീലങ്കയിലായിരുന്നു. അമ്മ മരിക്കുമ്പോള്‍ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു. ആ സമയത്തെല്ലാം ജോളി പറഞ്ഞത് അപ്പാടെ വിശ്വസിച്ചു. റോയി മരിച്ച ശേഷം താനും സഹോദരന്‍ റോജോയും സ്വത്ത് കൈക്കലാക്കാന്‍ വേണ്ടി കേസ് നല്‍കിയതായി ആരോപണം ഉയര്‍ന്നിരുന്നു. മാതാപിതാക്കളുടെ സ്വത്ത് മക്കള്‍ക്കുള്ളത് തന്നെയാണെന്നാണ് അവരോട് പറയാനുള്ളതെന്നും റെഞ്ചി പറയുന്നു.
ഒസ്യത്ത് വ്യാജമാണെന്നും തിരുത്തല്‍ നടന്നതായും റെഞ്ചി പറഞ്ഞു. ഒസ്യത്തിലെ സാക്ഷികളെ കണ്ടപ്പോള്‍ ഞെട്ടി. വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ സഹായിച്ചെന്ന് സംശയിക്കുന്നു. 2008ല്‍ എഴുതിയ ഒസ്യത്ത് കാണിച്ചു തന്നത് റോയി തോമസാണ്. അതില്‍ മുപ്പത്തിമൂന്നേ മുക്കാല്‍ സെന്റ് സ്ഥലവും വീടും സഹോദരനും കുടുംബത്തിനുമായി എഴുതി നല്‍കിയിരുന്നു.
വായിച്ചപ്പോള്‍ ഒറ്റനോട്ടത്തില്‍ തന്നെ വ്യാജമാണെന്ന് മനസിലായിരുന്നു. തീയതിയും സ്റ്റാമ്പും സാക്ഷികളും ഉണ്ടായിരുന്നില്ല. ഉന്നത ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായ പിതാവ് ഇങ്ങനെ ഒരു ഒസ്യത്തെഴുതുമെന്ന് കരുതുന്നില്ല. റോജോയോട് അപ്പോള്‍ തന്നെ അത് എടുത്തുവയ്ക്കാന്‍ പറഞ്ഞു. 50 സെന്റ് സ്ഥലം കൂടി ബാക്കി ഉണ്ടായിരുന്നു. പക്ഷേ അത് ഒസ്യത്തില്‍ ഉണ്ടായിരുന്നില്ലെന്നും റെഞ്ചി പറഞ്ഞു.
അതേസമയം, വ്യാജ ഒസ്യത്തുണ്ടാക്കാന്‍ ജോളിയെ സഹായിച്ച റവന്യൂ ഉദ്യോഗസ്ഥര്‍, പ്രാദേശികമായി സഹായങ്ങള്‍ നല്‍കിയ രണ്ട് രാഷ്ട്രീയനേതാക്കള്‍, കോഴിക്കോട്ടെ രണ്ട് ക്രിമിനല്‍ അഭിഭാഷകര്‍ എന്നിവരെ പൊലീസ് നിരീക്ഷിച്ചു വരികയാണ്. സ്വത്ത് തട്ടിയെടുക്കാനുള്ള ഗൂഢാലോചന ആസൂത്രണം ചെയ്തത് ഈ സംഘമാണെന്ന് പൊലീസ് ഏതാണ്ടുറപ്പിച്ച് കഴിഞ്ഞു. ജോളി ഇവരുടെ സഹായത്തോടെ ഉണ്ടാക്കിയ വ്യാജവില്‍പ്പത്രം തന്നെയാണ് ഇതിന്റെ തെളിവ്.
ഒരു രാഷ്ട്രീയനേതാവ് ജോളിക്ക് നല്‍കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്തിനാണ് ഈ പണം നല്‍കിയതെന്നറിയാന്‍ ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഇത്തരത്തില്‍ പലരുമായി തോന്നിയ രീതിയിലുള്ള ജോളിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മറ്റൊരു ചെക്ക് ബാങ്കില്‍ കൊണ്ടുപോയി പണമായി മാറ്റിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. എവിടെ നിന്നാണ് ജോളിക്ക് ഈ പണമെല്ലാം ചെക്കായി കിട്ടിയിരുന്നത്? എന്തിന് എന്നതൊക്കെയാണ് ഇനി പൊലീസിന് പരിശോധിക്കേണ്ടത്. ലക്ഷങ്ങളുടെ ഇടപാടുകളും തിരിമറിയും ജോളി നടത്തിയിരുന്നു എന്നതാണ് അന്വേഷണത്തിലൂടെ തെളിയുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തെ ജോളിയുടെ ഫോണ്‍ രേഖകള്‍ പൂര്‍ണമായും പൊലീസ് പരിശോധിച്ചു കഴിഞ്ഞു. ഇതില്‍ നിരവധി തവണ ഫോണ്‍ ചെയ്ത ഏഴ് പേരെ പൊലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്യും. ജോളിയുടെ ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ക്ക് ഒരുങ്ങുകയാണ് പൊലീസ്. പ്രാഥമികമായ പരിശോധന നടത്തിയെങ്കിലും വിശദമായി ആരൊക്കെയാണ് ജോളിക്ക് പണമയച്ചതെന്നും, ആര്‍ക്കാണ് പണം അയച്ചതെന്നുമടക്കമുള്ള എല്ലാ രേഖകളും പരിശോധിക്കും.