പുനരുപയോഗ ഊര്‍ജ്ജ ഉപഭോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ മുന്നോട്ട്‌

മുംബൈ: രാജ്യത്തെ പുനരുപയോഗ ഊര്‍ജ്ജ ഉപഭോഗം 2022 ആകുമ്പോഴേയ്ക്കും 18 ശതമാനമായി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. 7.8 ശതമാനമാണ് ഇപ്പോള്‍ പുനരുപയോഗ ഊര്‍ജ്ജം ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. സൗരോര്‍ജ്ജം, കാറ്റ് എന്നിവയെ കൂടുതലായി ആശ്രയിച്ചാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.

ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡിയുടെ കണക്കു പ്രകാരമാണ് 2022 ഓടെ ഇന്ത്യ ഊര്‍ജ്ജ ഉപയോഗ രംഗത്ത് നിര്‍ണ്ണായക നേട്ടം കൈവരിക്കും എന്നാണ്‌ പ്രവചിച്ചിരിക്കുന്നത്. പാരീസ് കാലാവസ്ഥ ഉടമ്പടിയുടെ കീഴില്‍ നിര്‍ണ്ണായകമായ കാര്യങ്ങള്‍ ഊര്‍ജ്ജ ഉപയോഗത്തിന്റെ കാര്യത്തില്‍ ചെയ്യാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഉല്‍പ്പാദന രംഗത്ത് ആകെ ഊര്‍ജ്ജത്തിന്റെ 60 ശതമാനവും പുനരുപയോഗ ഊര്‍ജ്ജമാക്കാന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ തന്നെ വിവിധ കമ്പനികള്‍ ഇത്തരം പദ്ധതികളിലേക്ക് നിക്ഷേപം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മൂഡിയുടെ വൈസ് പ്രസിഡന്റ് അഭിഷേക് ത്യഗി പറഞ്ഞു.

ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം 2022ല്‍ 50-55 ശതമാനം വരെ കുറയുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 67 ശതമാനമാണ് ഇപ്പോള്‍ നമ്മള്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത്.

പുനരുപയോഗ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാനും താരതമ്യേന ചെലവ് വളരെ കുറവാണ്. ഖനികളുടെ കല്‍ക്കരി അളവ് 2010 മുതല്‍ ക്രമാതീതമായി കുറഞ്ഞു വരികയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് 5 ശതമാനം വരെ ഇല്ലാതാകുമെന്നാണ് പഠനം പറയുന്നത്.

എന്നാല്‍ വളരെയധികം വെല്ലുവിളികളും പുനരുപയോഗ ഊര്‍ജ്ജ മേഖല നേരിടുന്നുണ്ട്. ഇന്ത്യയുടെ ഊര്‍ജ്ജ നയം ഇനിയും വികസിക്കാനുണ്ട്. ഇവ വിതരണം ചെയ്യുന്ന കാര്യത്തില്‍ വിശ്വസനീയമായ കമ്പനികളും വിരളമാണ്.

ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ വളരെ വേഗത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അത് വിതരണം ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യ വളരെ പിറകിലാണ്. 2030 ആകുമ്പോഴേയ്ക്കും ഫോസില്‍ ഇതര ഇന്ധനങ്ങളുടെ ഉപയോഗം 40 ശതമാനമായി വര്‍ധിപ്പിക്കണമെന്നാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.

Top