ജീവനക്കാർക്ക്‌ പുതുക്കിയ ശമ്പളം ഏപ്രിൽ ഒന്നുമുതൽ

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും പുതുക്കിയ ശമ്പളവും അലവൻസുകളും ഏപ്രിൽ ഒന്നുമുതൽ വിതരണം ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. പതിനൊന്നാം ശമ്പള കമീഷൻ ശുപാർശയനുസരിച്ചാണിത്‌.

പുതുക്കിയ ക്ഷാമബത്ത 2019 ജൂലൈ ഒന്നുമുതലും അലവൻസുകൾക്ക് 2021 മാർച്ച് ഒന്നുമുതലും പ്രാബല്യമുണ്ടാകും. ഉത്തരവ് ഈയാഴ്ച ഇറങ്ങും.സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കുമുള്ള നാലു ഗഡു ക്ഷാമബത്ത കുടിശ്ശിക ഏപ്രിൽ മുതൽ ലഭിക്കും. ഇതോടെ ക്ഷാമബത്ത കുടിശ്ശികയില്ലാതാകും.2019 ജനുവരിയിൽ വരേണ്ട മുന്നുശതമാനം, ജൂലൈയിലെ അഞ്ചു ശതമാനം, 2020 ജനുവരിയിലെ നാലു ശതമാനം, ജൂലൈയിലെ നാലു ശതമാനം എന്നിവയാണ്‌ അനുവദിക്കുന്നത്.

ആരോഗ്യമേഖലയിൽ കമ്മിഷൻ പ്രത്യേകമായി ശുപാർശ ചെയ്ത സ്‌കെയിൽ അനുവദിക്കും. ഇതര മേഖലകളിൽ ‘സ്‌കെയിൽ ടു സ്‌കെയിൽ’ പരിഷ്കരണമാകും നടപ്പാക്കുക. ശുപാർശകളുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും പരിശോധിക്കാൻ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കൺവീനറും ഉദ്യോഗസ്ഥ ഭരണപരിഷ്കാര അഡീഷണൽ ചീഫ് സെക്രട്ടറി, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ അംഗങ്ങളുമായ സമിതിയെ നിയോഗിച്ചു.

 

Top