രഞ്ജി ട്രോഫി: ചേതേശ്വര്‍ പൂജാര അമ്പതാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയോടെ എലൈറ്റ് പട്ടികയില്‍

ന്യൂഡല്‍ഹി: കര്‍ണ്ണാടകയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ 50 സെഞ്ചുറി പൂര്‍ത്തിയാക്കി ചേതേശ്വര്‍ പുജാര. ഈ നേട്ടത്തിലെത്തുന്ന ഒമ്പതാമത്തെ ഇന്ത്യക്കാരനാണ് പുജാര. അന്താരാഷ്ട്ര തലത്തില്‍ തന്നെ അമ്പത് ഫസ്റ്റ് ക്ലാസ് സെഞ്ചുറി നേടിയ നിലവില്‍ കളി തുടരുന്ന താരങ്ങളില്‍ അഞ്ചാമതാണ് പുജാര.

അലസ്റ്റിര്‍ കുക്ക്(65), ഇയാന്‍ ബെല്‍(57), ഹാഷിം അംല(52), വസിം ജാഫര്‍ (57) എന്നിവരാണ് പുജാരക്ക് മുമ്പേ ഈ നേട്ടം കൈവരിച്ച ലിസ്റ്റില്‍ പെടുന്നവര്‍. എന്നാല്‍ 31 കാരനായ പുജാര ഇവരെക്കാള്‍ പ്രായം കുറഞ്ഞ താരമാണ് എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ ഫസ്റ്റ് ക്ലാസ് സെഞ്ചുറി നേടിയതിന്റെ റെക്കോഡ് ഗവാസ്‌കറും സച്ചിനുമാണ്(ഇരുവരും 81) പങ്കിടുന്നത്. രണ്ടാമതുള്ള ദ്രാവിഡി(68)ന് 13 സെഞ്ചുറികള്‍ കുറവാണ്.

ഏറെക്കാലത്തെ കഠിനാധ്വാനം തന്റെ ഈ നേട്ടത്തിന് പിന്നിലുണ്ടെന്നാണ് പുജാര പ്രതികരിച്ചത്. ടെസ്റ്റിലും ഫസ്റ്റ്ക്ലാസിലും ഇനിയും ദീര്‍ഘകാലം കളിക്കാനാകുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും പുജാര പറഞ്ഞു.

Top