ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി നിലവില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ റെനോ കാറുകളുടെ വില കുറച്ചു.
മൂന്ന് മോഡലുകളുടെ വിലയാണ് പുതുക്കി നിശ്ചയിച്ചത്. മാരുതിയുടെ ആള്‍ട്ടോക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന റെനോ ക്ലംബറിന്റെ വിലയില്‍ 5,200 രൂപ മുതല്‍ 29,500 രൂപ വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്.
റെനോയുടെ മറ്റൊരു ജനപ്രിയ മോഡലായ ഡസ്റ്ററിന്റെ വിലയില്‍ 30,400 രൂപ മുതല്‍ 1,04,000 രൂപ വരെയാണ് കുറവ്. ലോഡ്ജിയുടെ വിലയിലും കമ്പനി കുറവ് വരുത്തിയിട്ടുണ്ട്. 25,700 മുതല്‍ 88,600 രൂപ വരെയാണ് ലോഡ്ജിക്ക് കുറച്ചത്. ജി.എസ്.ടിയുടെ അടിസ്ഥാനത്തില്‍ മറ്റു മോഡലുകളുടെ വിലയും വൈകാതെ പുതുക്കി നിശ്ചയിക്കുമെന്ന് റെനോ അറിയിച്ചു.
ജി.എസ്.ടി നിലവില്‍ വന്നതിന് പിന്നാലെ രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം വിലയില്‍ മാറ്റം വരുത്തിയിരുന്നു. ഇവരുടെ ചുവട് പിടിച്ചാണ് റെനോയുടെയും നീക്കം.