പാരീസ്: പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. ലാപിയർ, ലാരി കോളിൻസിനൊപ്പം ചേർന്ന് രചിച്ച ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് (1975) ഏറെ പ്രശസ്തമായ കൃതിയാണ്.
ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ ഉള്ളറക്കഥകൾ അനാവരണം ചെയ്യുന്ന ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് മലയാളത്തിൽ സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന പേരിൽ വിവർത്തനം ചെയ്തിട്ടുണ്ട്.
കൊൽക്കത്തയിലെ ജീവിതം അധികരിച്ച് ഡൊമിനിക് ലാപിയർ രചിച്ച സിറ്റി ഓഫ് ജോയ് ഏറെ ജനപ്രിയമായ നോവലായിരുന്നു. അമേരിക്കൻ എഴുത്തുകാരൻ ലാരി കോളിൻസിനൊപ്പം എഴുതിയ ഈസ് പാരീസ് ബേണിംഗും എറെ പ്രശസ്തമായിരുന്നു.
ഇരുവരും ചേർന്ന് രചിച്ച ഓർ ഐ വിൽ ഡ്രെസ് യൂ ഇൻ മോണിംഗ് ( 1968), ഒ ജറുസലേം (1972), ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് , ദ ഫിഫ്ത് ഹോഴ്‌സ്മാൻ (1980), ത്രില്ലറായ ഈസ് ന്യൂ യോർക്ക് ബേണിംഗ് എന്നിവയും ഏറെ പ്രശസ്തമാണ്.