ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍; ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്നുമുതല്‍ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുകളഞ്ഞതിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്നുമുതല്‍ വാദം കേള്‍ക്കും. ജമ്മു-കശ്മീര്‍ സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കിയ വകുപ്പ് എടുത്തു കളഞ്ഞ് നാലു വര്‍ഷങ്ങള്‍ക്കുശേഷമാണ് അന്തിമ വാദം കേള്‍ക്കല്‍ ആരംഭിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ഭരണഘടന ബെഞ്ചാണ് വാദം കേള്‍ക്കുക. തിങ്കള്‍, വെള്ളി ഒഴികെ എല്ലാ ദിവസവും വാദം കേള്‍ക്കല്‍ നടക്കും.

20 ലേറെ പരാതികളാണ് ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. പ്രമുഖ അഭിഭാഷകരായ രാജീവ് ധവാന്‍, ദുഷ്യന്ത് ദവെ, രാജു രാമചന്ദ്രന്‍, ഗോപാല്‍ സുബ്രമണ്യന്‍, സി.യു. സിങ്, നിത്യ രാമകൃഷ്ണണ്‍, കാമിനി ജയ്‌സ്വാള്‍, വൃന്ദ ഗ്രോവര്‍, പ്രസന്ന എസ്. എന്നിവരാണ് പരാതിക്കാര്‍ക്കു വേണ്ടി ഹാജരാകുക. പാര്‍ലമെന്റ് അറിയാതെയാണ് ഭരണഘടന വകുപ്പ്  എടുത്തുകളഞ്ഞതെന്നും കശ്മീരില്‍ ജനങ്ങളുടെ സമ്മതം ചോദിക്കാതെ ഏകപക്ഷീയമായി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ കളങ്കപ്പെടുത്തിയെന്നും ആണ് പരാതിക്കാര്‍ ഉന്നയിക്കുന്നത്.

2020 മാര്‍ച്ചില്‍ കേസ് പരിഗണിച്ചപ്പോള്‍ ഏഴംഗ ഭരണഘടന ബെഞ്ചിന് കൈമാറണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും വേണ്ടെന്ന് സുപ്രീംകോടതി തീരുമാനമെടുത്തു. 370ാം വകുപ്പുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ അഞ്ചംഗ ബെഞ്ചുകളുടെ വിധി പരസ്പരം എതിരാകുന്നതിനാല്‍ വലിയ ബെഞ്ച് പരിഗണിക്കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. എന്നാല്‍, രണ്ടു വിധികള്‍ക്കുമിടയില്‍ സംഘട്ടനമില്ലെന്നു പറഞ്ഞ് അഞ്ചംഗ ബെഞ്ചില്‍ കേസ് നിലനിര്‍ത്തുകയാണെന്ന് കോടതി വ്യക്തമാക്കി. അതിനുശേഷം രണ്ടു വര്‍ഷത്തിലേറെ കഴിഞ്ഞാണ് കേസുകള്‍ വീണ്ടും പരിഗണിക്കപ്പെടുന്നത്.

Top