മസ്‌കത്ത്: വിദേശികള്‍ക്ക് തിരിച്ചടിയായി ഒമാനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വദേശി നിയമനം. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തുവരുന്ന വിദേശികള്‍ക്ക് പകരം ഒമാന്‍ സ്വദേശികളെ നിയമിക്കാന്‍ തീരുമാനിച്ചതാണ് തിരിച്ചടിയായത്.
അതേസമയം സ്വകാര്യ സ്ഥാപനങ്ങളിലും വിദേശികളോട് സേവനം നിര്‍ത്തി നാട്ടിലേക്ക് മടങ്ങാന്‍ കമ്പനികള്‍ നിര്‍ദേശം നല്‍കിയെന്നാണ് സൂചന. ഇതിനായി ഉടന്‍ സമയക്രമം തയ്യാറാക്കണമെന്നു ഒമാന്‍ ധനകാര്യ മന്ത്രാലയം രാജ്യത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും ആവശ്യപ്പെട്ടു കഴിഞ്ഞു.
മലയാളികളടക്കമുള്ള ധരാളം ഇന്ത്യക്കാരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും ഒമാനിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ മേഖലയില്‍ ഇപ്പോള്‍ സേവനം നടത്തുന്നുണ്ട്. കൊവിഡ് 19 വ്യാപനവും, എണ്ണ വിലയിലുണ്ടായ ഇടിവുമൂലവും കനത്ത പ്രതിസന്ധിയിലായ ഒമാനിലെ സാമ്പത്തിക രംഗം രാജ്യത്തെ സ്വകാര്യ മേഖലയെയും സാരമായി ബാധിച്ചു.
ഒമാനിലെ ഒരു പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിയിലെ ടെക്‌നീഷ്യന്‍സ്, മെക്കാനിക്‌സ്, സെയില്‍സ് എക്‌സിക്യൂട്ടീവ് എന്നീ തസ്‌കികയില്‍ ജോലി ചെയ്തു വരുന്ന നാനൂറിലധികം വിദേശികളായ ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെട്ടുകഴിഞ്ഞു.
ഏപ്രില്‍ മുപ്പതു വരെ ശമ്പളം നല്‍കുമെന്നും പിന്നീട് വിമാന സര്‍വീസുകള്‍ ആരംഭിക്കുമ്പോള്‍ തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങുവാനുമാണ് സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും സൂചനയുണ്ട്.