തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍ എം. എല്‍. എ നല്‍കിയ സബ്മിഷന് പൊതുമരാമത്ത് – ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് മറുപടി നല്‍കി. മൂവാറ്റുപുഴ-കൂത്താട്ടുകുളം റോഡ് വികസനം കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പാക്കുന്നത്. ഇതിനായി 25 കോടി രൂപയുടെ തത്വത്തിലുള്ള ഭരണാനുമതി നല്‍കിയിരുന്നു. ഈ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെ 487.22 കോടി രൂപയുടെ ഡി.പി.ആര്‍ 27.01.2021-ല്‍ കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കിഫ്ബി സ്ഥലപരിശോധന നടത്തി സാങ്കേതിക അവലോകന റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രസ്തുത സാങ്കേതിക അവലോകന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള വസ്തുതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുതുക്കിയ ഡി.പി.ആര്‍ തയ്യാറാക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. പുതുക്കിയ ഡി.പി.ആര്‍ കിഫ്ബിയില്‍ സമര്‍പ്പിച്ച് സാമ്പത്തികാനുമതി നേടുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതാണ്.
എറണാകുളം ജില്ലയിലെ എം എല്‍ എ മാരുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതാണ്. മൂവാറ്റുപുഴ മണ്ഡലത്തിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലും ചില കാര്യങ്ങള്‍ തീരുമാനിച്ചിരുന്നു. മറ്റു കാര്യങ്ങള്‍ എന്തൊക്കെ ചെയ്യാനാകുമെന്ന് നോക്കുകയാണ്. പദ്ധതി വേഗത്തിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാവുമെന്നും മന്ത്രി മറുപടി നല്‍കി.