ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിങ്ങ് നാളെ നടക്കാനിരിക്കെ ബിജെപി പ്രകടന പത്രിക പുറത്തിറക്കി.
കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണു പ്രകടനപത്രിക പുറത്തിറക്കിയത്.
ബിജെപി പ്രകടനപത്രിക പുറത്തിറക്കാത്തതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസും പട്ടേല്‍ വിഭാഗവും രംഗത്തെത്തിയിരുന്നു.
നേരത്തെ, അശ്ലീല സിഡികള്‍ നിര്‍മ്മിക്കാനുള്ള തിരക്കിനിടെ ബിജെപി പ്രകടന പത്രികയുണ്ടാക്കാന്‍ മറന്നെന്ന് പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ പരിഹസിച്ചിരുന്നു.
ഹാര്‍ദിക് പട്ടേലിന്റേതെന്ന പേരില്‍ ലൈംഗിക സി.ഡി പുറത്തിറങ്ങിയ സംഭവത്തെ സൂചിപ്പിച്ചാണ് പട്ടേലിന്റെ പരിഹാസം.
ഇതിന് പിന്നില്‍ ബി.ജെ.പി ആണെന്നായിരുന്നു പട്ടേലിന്റെ ആരോപണം.
ഹിന്ദിയില്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്ത സന്ദേശത്തിലാണ് ഹാര്‍ദിക് പട്ടേല്‍ കടുത്ത പരിഹാസം ഉന്നയിച്ചിരിക്കുന്നത്.
ഗുജറാത്ത് തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കുമ്പോഴാണ് പ്രകടന പത്രിക ഇല്ലാത്തതിന്റെ പേരില്‍ ബിജെപിക്കു നേരെ വിമര്‍ശനമുയരുന്നത്.
നേരത്തേ രാഹുല്‍ ഗാന്ധിയും ഈ വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
പ്രകടന പത്രിക പുറത്തിറക്കാതെ ബിജെപി ഗുജറാത്തിലെ ജനങ്ങളെ അവഹേളിക്കുകയാണെന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
ഡിസംബര്‍ ഒന്‍പതിനാണ് ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ്.
ഡിസംബര്‍ 14നു രണ്ടാംഘട്ട വോട്ടെടുപ്പും നടക്കും. 18നാണ് ഫലപ്രഖ്യാപനം.