ഏഴ് ബൂത്തുകളില്‍ റിപോളിങ് പുരോഗമിക്കുന്നു ; ധര്‍മടത്ത് മാധ്യമങ്ങളെ വിലക്കി പൊലീസ്

കണ്ണൂര്‍: കള്ളവോട്ട് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് കാസര്‍ഗോഡ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ റിപോളിങ് പുരോഗമിക്കുന്നു.

ഇതിനിടെ കണ്ണൂര്‍ ധര്‍മടം മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന കുന്നിരിക്ക യുപി സ്‌കൂളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ പൊലീസ് വിലക്കി. വോട്ടെടുപ്പ് തുടങ്ങിയതിനാല്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാനാകില്ലെന്നാണ് പൊലീസിന്റെ നിലപാട്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങും വീഡിയോ ചിത്രീകരണവും ഒരുക്കിയിട്ടുണ്ട്.

സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് ശക്തമായ സുരക്ഷലാണ് വോട്ടെടുപ്പ്. കള്ളവോട്ട് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിരീക്ഷണവും പോളിംഗ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൃക്കരിപ്പൂരിലെ നാല്‍പത്തെട്ടാം നമ്പര്‍ ബൂത്തില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കാന്‍ വനിതാ ഉദ്യോഗസ്ഥയെ നിയോഗിച്ചിട്ടുണ്ട്.

കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ കല്യാശേരിയിലെ ബൂത്ത് നമ്പർ 19, പിലാത്തറ യുപിഎസ് ബൂത്ത് നമ്പർ 69, പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോർത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്‌ളോക്ക് എന്നിവിടങ്ങളിലും തളിപ്പറമ്പ് ബൂത്ത് നമ്പർ 166, പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലുമാണ് റീപോളിംഗ് നടത്തുന്നത്.

കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിൽ മൂന്ന് ബൂത്തുകളിലാണ് റീപോളിംഗ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് രണ്ട് ബൂത്തുകളിലും തൃക്കരിപ്പൂരിൽ ഒരു ബൂത്തിലുമാണ് റീപോളിംഗ് നടക്കുക. ധർമ്മടത്ത് കുന്നിരിക്കയിലും വേങ്ങോട്ടുമാണ് റീ പോളിംഗ്. തൃക്കരിപ്പൂരിൽ കൂളിയാട് ജിഎച്ച്എസിൽ ആണ് ഇന്ന് റീ പോളിംഗ് നടക്കുക.

Top