ശ്രീനഗർ : ജമ്മു കശ്മീരിലെ രജൗരി,പൂഞ്ച് മേഖലകളിൽ അഫ്ഗാനിസ്ഥാനിൽ പരിശീലനം ലഭിച്ച തീവ്രവാദി സംഘം നിലയുറപ്പിച്ചിരിക്കുന്നതായി റിപ്പോർട്ട്. ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. കഴിഞ്ഞ ദിവസം അഞ്ച് സൈനികർ വീരമൃത്യു വരിക്കാനിടയായ ആക്രമണത്തിനു പിന്നിൽ ലഷ്കറെ തയ്ബയാണെന്നും, പരിശീലനം ലഭിച്ചവരാണ് ഇതിനു പിന്നിലെന്നാണ് ആക്രമണം നടത്തിയ രീതിയിൽനിന്ന് വ്യക്തമാകുന്നതെന്നും ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു.
നേരത്തേ ഈ മേഖലയിൽ പാക്കിസ്ഥാനിൽ പരിശീലനം ലഭിച്ച തീവ്രവാദികൾ ഉണ്ടായിരുന്നുവെന്നും ഏതാനും ദിവസമായി ലഷ്കർ ഭീകരരുടെ സാന്നിധ്യം നിരീക്ഷിച്ചു വരുന്നതായും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലഷ്കർ ഭീകരർ താവളമടിച്ചിരിക്കുന്നത് മലമുകളിൽ ഏറെ ഉയരത്തിലാണ്. അവിടെനിന്ന് ആക്രമിക്കാവുന്ന പരിധിയിൽ എത്തിയപ്പോഴാണ് കഴിഞ്ഞ ദിവസം സ്ഫോടനം നടത്തിയത്. സുരക്ഷാസേന ഉയർത്തിയ വെല്ലുവിളിയെ തുടർന്നാണ് ലഷ്കർ ബേസ് ക്യാംപുകൾ കൂടുതൽ ഉയരത്തിലേക്കു മാറ്റിയത്. ഇവിടെ അവർക്ക് ഒളിയിടങ്ങൾ തയാറാക്കാൻ പ്രദേശവാസികളുടെ സഹായം ആവശ്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം അൻപതോളം സുരക്ഷാ ഉദ്യോഗസ്ഥരാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതിനു പിന്നാലെ പാക്കിസ്ഥാനിലേക്കു മടങ്ങിയവരാണ് ആക്രമണം നടത്തുന്നതെന്നാണ് വിവരം. ഖൈബർ പഖ്തൂൺഖ്വ, പാക്ക് പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് ഉള്ളവരാണിവർ. ഭീകരരെ ചെറുക്കാൻ യുദ്ധ സാഹചര്യങ്ങളിൽ പരിശീലനം ലഭിച്ച സൈനികരെ പ്രദേശത്ത് വിന്യസിക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. വനമേഖലയിൽനിന്നുള്ള ആക്രമണം ചെറുക്കാൻ കൂടുതൽ സേനയെ പ്രദേശത്ത് വിന്യസിച്ചേക്കും.