തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് തൃഷ കൃഷ്ണന്‍. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി അവര്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്നു. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ ചിത്രങ്ങളിലെ കുന്ദവൈ എന്ന കഥാപാത്രമായാണ് തൃഷയെ പ്രേക്ഷകര്‍ ഒടുവില്‍ കണ്ടത്.
തൃഷ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.ഇപ്പോഴിതാ തൃഷ വിവാഹിതയാവുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ദേശീയമാധ്യമങ്ങളടക്കം പുറത്തുവിട്ടത്. നടിയുടെ വരന്‍ ഒരു മലയാളി ചലച്ചിത്ര നിര്‍മാതാവാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. റിപ്പോര്‍ട്ടുകളോടുള്ള ഔദ്യോഗിക പ്രതികരണവും ലഭ്യമായിട്ടില്ല. അതേസമയം 2015-ല്‍ നിര്‍മാതാവും വ്യവസായിയുമായി വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നതാണ്. എന്നാല്‍ മൂന്ന് മാസത്തിനുശേഷം ഇരുവരും വിവാഹത്തില്‍നിന്ന് പിന്മാറുകയായിരുന്നു. ഇതിനുപിന്നാലെ വരുണ്‍ നിര്‍മിക്കാനിരുന്ന ചിത്രവും തൃഷ വേണ്ടെന്നുവെച്ചു.
വിവാഹക്കാര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് സമീപകാലത്ത് തൃഷ ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. ‘എന്റെ ഗൗരവകരമായ ചിന്തയില്‍ ഉള്ള ഒന്നല്ല വിവാഹം. സമൂഹത്തിന്റെ സമ്മര്‍ദ്ദം കൊണ്ട് വിവാഹിതയിട്ട് പിന്നീട് അത് ഡിവോഴ്‌സിലേക്ക് എത്തിക്കാന്‍ എനിക്ക് വയ്യ. അടുപ്പമുള്ള പലരുടെയും സാഹചര്യം എനിക്കറിയാം. പലരും വിവാഹിതരാകുന്ന സമയത്ത് അതേക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. പക്ഷേ അവരില്‍ പലരും നിലവില്‍ ഡിവോഴ്‌സിനുള്ള ശ്രമങ്ങളിലാണ്. ജീവിതം പങ്കിടണമെന്ന് എനിക്ക് തോന്നലുളവാക്കുന്ന ഒരാളെ ഇനിയും ഞാന്‍ കണ്ടെത്തിയിട്ടില്ല’, എന്നായിരുന്നു തൃഷയുടെ വാക്കുകള്‍.