ഐപിഎല്‍ 2022; ഗ്രൂപ്പ് മാതൃകയില്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: അടുത്ത വര്‍ഷത്തെ ഐപിഎല്‍ ഗ്രൂപ്പ് മാതൃകയില്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്. 2 ടീമുകള്‍ കൂടി വര്‍ധിക്കുന്നതിനാല്‍ റൗണ്ട് റോബിന്‍ രീതിയില്‍ നടത്തിയാല്‍ ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം വര്‍ധിക്കുമെന്നും അതിനാല്‍ ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ച് ടൂര്‍ണമെന്റ് നടത്തുമെന്നും ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു.

കേരളത്തില്‍ നിന്നുള്ള ഐപിഎല്‍ ടീമായ കൊച്ചി ടസ്‌കേഴ്‌സ് കേരള കൂടി കളിച്ചിരുന്ന 2011ലെ ടൂര്‍ണമെന്റ് ഗ്രൂപ്പ് മാതൃകയിലായിരുന്നു. അക്കൊല്ലം 10 ടീമുകള്‍ ഐപിഎല്‍ കളിച്ചിരുന്നു.

5 ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി ടീമുകളെ തിരിക്കും. അതാത് ഗ്രൂപ്പുകളിലെ ടീമുകള്‍ തമ്മില്‍ ഹോം, എവേ മത്സരങ്ങളും എതിര്‍ ഗ്രൂപ്പിലെ എല്ലാ ടീമുകളുമായി ഓരോ മത്സരങ്ങളും കളിക്കും.

എതിര്‍ ഗ്രൂപ്പിലെ ഒരു ടീമിനെതിരെ മാത്രം ഹോം, എവേ മത്സരങ്ങളുണ്ടാവും. ഇതോടെ ഒരു ടീം ഗ്രൂപ്പ് ഘട്ടത്തില്‍ 14 മത്സരങ്ങള്‍ കളിക്കും. ആകെ 74 ഗ്രൂപ്പ് മത്സരങ്ങള്‍. തുടര്‍ന്ന് നോക്കൗട്ട് ഘട്ട പോരാട്ടങ്ങള്‍ നടക്കും.

 

Top