മുംബൈ: ഏകദിന ക്യാപ്റ്റന്‍സി ഉപേക്ഷിക്കാന്‍ രവി ശാസ്ത്രി വിരാട് കോലിയെ ഉപദേശിച്ചിരുന്നു എന്ന് റിപ്പോര്‍ട്ട്. പരിമിത ഓവര്‍ മത്സരങ്ങളിലെ ക്യാപ്റ്റന്‍ സ്ഥാനം മറ്റാരെയെങ്കിലും ഏല്പിക്കാന്‍ ശാസ്ത്രി ഉപദേശിച്ചു എന്നും അത് കോലി പരിഗണിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ട്. പകരം ടി-20 ലോകകപ്പ് സ്ഥാനം മാത്രം ഉപേക്ഷിക്കുകയാണ് താരം ചെയ്തത്.
ഈ വര്‍ഷാരംഭത്തില്‍ ശാസ്ത്രി കോലിയുമായി ക്യാപ്റ്റന്‍ സ്ഥാനം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍, ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ കഴിയില്ലെന്ന് കോലി വ്യക്തമാക്കി. കാര്യങ്ങള്‍ തീരുമാനിച്ചതുപോലെ മുന്നോട്ടുപോയില്ലെങ്കില്‍ 2023നു മുന്‍പ് കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് വിവരം. ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കോലിയെ കൂടുതല്‍ ഉപയോഗിക്കണമെന്ന നിലപാട് തന്നെയാണ് ബിസിസിഐക്കും ഉള്ളത്.
ലോകകപ്പിന് ശേഷം ടി-20 നായക സ്ഥാനം ഒഴിയുമെന്നാണ് കോലി അറിയിച്ചത്. ഏകദിന, ടെസ്റ്റ് ക്യാപ്റ്റനായി തുടരുമെന്നും വിരാട് കോലി പറയുന്നു. ട്വിറ്ററിലൂടെയാണ് വിരാട് ഇക്കാര്യം അറിയിച്ചത്.