ദുബായ്: ഐപിഎല്‍ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ നിന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വിട്ടുനിന്നത് ജോലിഭാരം കുറയ്ക്കാനെന്ന് റിപ്പോര്‍ട്ട്. ഐപിഎലിനെക്കാള്‍ ദേശീയ മത്സരങ്ങള്‍ക്ക് രോഹിത് പ്രാധാന്യം നല്‍കുന്നു എന്നും അടുത്ത രണ്ട് വര്‍ഷത്തെ പദ്ധതികള്‍ അദ്ദേഹം കൃത്യമായി തീരുമിച്ചു കഴിഞ്ഞു എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷമാണ് യുഎഇയില്‍ ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങള്‍ ആരംഭിച്ചത്. ഐപിഎല്‍ അവസാനിച്ച് ഉടന്‍ ടി-20 ലോകകപ്പ് ആരംഭിക്കും. ഇത്ര തിരക്കുപിടിച്ച ഷെഡ്യൂളിനിടയില്‍ ആവശ്യത്തിനു വിശ്രമം ലഭിക്കുക എന്നതാണ് രോഹിതിന്റെ ശ്രമം. വ്യാഴാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ രോഹിത് കളിച്ചേക്കും.
മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ പരാജയപ്പെടുത്തിയിരുന്നു. 20 റണ്‍സിനാണ് ചെന്നൈ വിജയിച്ചത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സേ നേടാനായുള്ളൂ.