പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ ജീവിതകഥ പ്രമേയമാകുന്ന ചിത്രം സംവിധാനം ചെയ്യാൻ സുധ കൊങ്കര ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രത്തൻ ടാറ്റയുടെ ജീവിതത്തെ കുറിച്ച് പുറംലോകത്തിന് ലഭ്യമല്ലാത്ത വിവരങ്ങള്‍ വരെ ചിത്രത്തില്‍ ഉള്‍പ്പെടുത്തുമെന്ന് സുധ കൊങ്കരയുമായി അടുത്ത വാര്‍ത്താവൃത്തങ്ങള്‍ പറയുന്നു. ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് ഒരു പ്രചോദനമാണ് രത്തൻ ടാറ്റ. അടുത്തവര്‍ഷം ആയിരിക്കും ചിത്രം തുടങ്ങുകയെന്നും ഇവര്‍ പറയുന്നു.
‘സൂരരൈ പൊട്ര്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ സംവിധായികയാണ് സുധ കൊങ്കര. എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിത കഥ പറഞ്ഞ ചിത്രം ദേശീയ അവാര്‍ഡും നേടിയിരുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളുമായിരുന്നു സുധ കൊങ്കര.
ദേശീയ അവാര്‍ഡ് ജേതാവും മലയാളിയുമായ കീര്‍ത്തി സുരേഷും സുധ കൊങ്കരയും ഒന്നിക്കുന്നുവെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ‘കെജിഎഫി’ന്റെ നിര്‍മാതാക്കളായ ഹോംബാളെയുടെ പുതിയ ചിത്രം സുധ കൊങ്കര സംവിധാനം ചെയ്യുന്നുണ്ട്.
സുധ കൊങ്കര സംവിധാനം ചെയ്ത ‘സൂരരൈ പൊട്ര്’ നിരവധി ദേശിയ അംഗീകരങ്ങളാണ് നേടിയെടുത്തത്. മികച്ച ഫീച്ചര്‍ സിനിമയ്‍ക്കുള്ള ദേശീയ അവാര്‍ഡ് ചിത്രം നേടിയപ്പോള്‍ നടനായി സൂര്യയും നടിയായി അപര്‍ണ ബാലമുരളിയും പശ്ചാത്തല സംഗീത സംവിധായകനായി ജി വി പ്രകാശ് കുമാറും തെരഞ്ഞെടുക്കപ്പെട്ടു. രത്തൻ ടാറ്റയുടെ ജീവിത കഥയും സുധ കൊങ്കരയുടെ സംവിധാനത്തില്‍ മികച്ച ഒരു സിനിമയാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.