ഭക്ഷ്യസുരക്ഷയില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഏറ്റവും പുറകിലെന്ന് റിപ്പോര്‍ട്ട്. മേഖലയിലെ 72.2 ശതമാനം ആളുകള്‍ക്കും വിലകുറഞ്ഞതും പ്രാദേശികമായി ലഭ്യമായതുമായ ആരോഗ്യകരമായ ഭക്ഷണം പോലും വാങ്ങാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരമാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷയെ സംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തുവിട്ടത്.’ഏഷ്യ ആന്‍ഡ് പസഫിക് – ഭക്ഷ്യ സുരക്ഷയുടെയും പോഷകാഹാരത്തിന്റെയും പ്രാദേശിക അവലോകനം 2023′ എന്ന റിപ്പോര്‍ട്ട് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ജീവിക്കുന്ന മനുഷ്യരില്‍ പലര്‍ക്കും രണ്ട് നേരം പോലും ഭക്ഷണം ലഭ്യമാകുന്നില്ലെന്നു വ്യക്തമാക്കുന്നുഭക്ഷ്യ ലഭ്യതയും വിതരണവും സംബന്ധിച്ച സര്‍ക്കാര്‍ നയങ്ങള്‍ രാജ്യങ്ങളില്‍ കൃത്യമായി നടപ്പിലാകുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ബംഗ്ലാദേശ് ഈ കാലയളവില്‍ ഇന്ധനവില 50 ശതമാനത്തിലധികം വര്‍ധിപ്പിച്ചു. ഇത് ജീവിതച്ചെലവ് വര്‍ധിച്ചു. ഭക്ഷ്യ പണപ്പെരുപ്പം ഓഗസ്റ്റില്‍ 12.54 ശതമാനമായി ബംഗ്ലാദേശില്‍ ഉയര്‍ന്നു, ബംഗ്ലാദേശ് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം 12 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.ഉയര്‍ന്ന പണപ്പെരുപ്പവും ഭക്ഷ്യവിലക്കയറ്റവും കഴിഞ്ഞ ആറ് മാസത്തിനിടെ മാംസത്തിന്റെയും മത്സ്യത്തിന്റെയും ഉപഭോഗം യഥാക്രമം 96 ശതമാനവും 89 ശതമാനവും കുറവ് വരുത്തിയിട്ടുണ്ട്.
നേപ്പാളിലെ 29 ദശലക്ഷം ആളുകള്‍ ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വിലക്കയറ്റം നേരിടുന്നതായാണ് റിപ്പോര്‍ട്ട്. നേപ്പാള്‍ രാഷ്ട്ര ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വാര്‍ഷിക റീട്ടെയില്‍ പണപ്പെരുപ്പം ആഗസ്ത് പകുതിയോടെ ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.52 ശതമാനത്തിലെത്തി.സുഗന്ധവ്യഞ്ജന ഉപവിഭാഗത്തിന്റെ വാര്‍ഷിക വില സൂചിക 45.56 ശതമാനവും ധാന്യങ്ങളും അവയുടെ ഉല്‍പന്നങ്ങളുടെയും വില 13.2 ശതമാനവും പാല്‍ ഉല്‍പന്നങ്ങളും മുട്ടയും 12.19 ശതമാനവും പച്ചക്കറികള്‍ 10.8 ശതമാനവും നെയ്യ്, എണ്ണ എന്നിവയുടെ വില 15.13 ശതമാനവും വര്‍ധിച്ചു.