വെട്രിമാരന്‍ ചിത്രം വാടിവാസലില്‍ നിന്നും സൂര്യ പിന്മാറിയതായി റിപ്പോര്‍ട്ട്; പകരം മറ്റൊരു താരം

സൂര്യ – വെട്രിമാരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വാടിവാസലില്‍ നിന്നും നടന്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. മാത്രവുമല്ല വെട്രിമാരന്‍ സൂര്യയ്ക്ക് പകരം സൂരിയെ നായകനാക്കി ഒരുക്കാന്‍ തീരുമാനിച്ചെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്. ‘വിടുതലൈ 2’ ശേഷം ഉടന്‍ തന്നെ വാടിവാസല്‍ ആരംഭിക്കാനാണ് വെട്രിയുടെ പ്ലാനെന്നും സൂര്യ സുധ കൊങ്കരയ്‌ക്കൊപ്പമുള്ള ചിത്രത്തിന്റെ തിരക്കിലായതിനാലാണ് ഈ തീരുമാനമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വാടിവാസലിന് ശേഷം ധനുഷുമായി വട ചെന്നൈ 2 ഒരുക്കാന്‍ വെട്രിമാരന് ആഗ്രഹമുണ്ടെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിടുതലൈ എന്ന ചിത്രത്തില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച സൂരിയെ വാടിവാസലില്‍ നായകനായി കാണാന്‍ ധാരാളം ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ രണ്ട് വര്‍ഷമായി പരിശീലനം നടത്തിയ സൂര്യയെ ഒഴിവാക്കരുതെന്ന് അപേക്ഷിച്ച് നിരവധി ആരാധകരും സിനിമ പ്രേമികളും രംഗത്തെത്തിയിട്ടുണ്ട്.

നിലവില്‍ സൂര്യ ‘കങ്കുവ’യുടെ ഡബ്ബിങ് ജോലികളിലാണ്. ‘കങ്കുവ’യില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നതെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രം വിവിധ കാലഘട്ടങ്ങളിലുള്ള കഥയായിരിക്കും എന്ന് അടുത്തിടെ പുറത്തുവിട്ട സൂര്യയുടെ സെക്കന്‍ഡ് ലുക്കില്‍ വ്യക്തമായിരുന്നു. 2024 പകുതിയോടെ ‘കങ്കുവ’ പ്രദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും വൈകാനാണ് സാധ്യത എന്നത് ആരാധകരെ നിരാശരാക്കുന്നു. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് സിരുത്തൈ ശിവയാണ്. ദേവ് ശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മലയാളിയായ നിഷാദ് യൂസഫ് ആണ് എഡിറ്റിംഗ്.

Top