2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം രാജ്യത്തെ കര്‍ഷക ആത്മഹത്യകളില്‍ വലിയ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. 2014 നും 2022 നും ഇടയില്‍ രാജ്യത്ത് ഒരു ലക്ഷത്തില്‍ പരം കര്‍ഷകരാണ് ജീവനൊടുക്കിയത്. ഒന്‍പത് വര്‍ഷത്തിനിടെ ഓരോ ദിവസവും ശരാശരി 30 കര്‍ഷകരാണ് ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നതെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കടബാധ്യതയുള്ള കര്‍ഷകരുടെ 2013-ല്‍ 52 ശതമാനമായിരുന്നത് 2019-ല്‍ 50.2 ശതാനമായി കുറഞ്ഞുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ കൃത്യമായ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ കര്‍ഷകരുടെ കടബാധ്യതയില്‍ പ്രകടമായ വര്‍ധനവ് കണ്ടെത്താന്‍ സാധിക്കും. ഇക്കാലയളവില്‍ കടമുള്ള കര്‍ഷകരുടെ എണ്ണം 902 ലക്ഷത്തില്‍നിന്ന് 930 ലക്ഷമായി ഉയര്‍ന്നു. കൂടാതെ, കുടിശ്ശികയുള്ള വായ്പയുടെ ശരാശരി തുക 2013 നെ അപേക്ഷിച്ച് ഏകദേശം 1.6 മടങ്ങ് വര്‍ധിച്ചു.
രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് മൊത്തത്തിലുള്ള ബജറ്റ് ചെലവുമായി ബന്ധപ്പെട്ട് കാര്‍ഷിക മേഖലയിലെ പൊതുചെലവ് പടി പടിയായി കുറയുന്നതും കാണാം. ഒപ്പം കര്‍ഷക ക്ഷേമത്തിമായി അനുവദിക്കുന്ന വിഹിതങ്ങളും. 2014-15 നും 2021-22 നും ഇടയില്‍ കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെ പ്രതിവര്‍ഷം ഒരു ശതമാനത്തില്‍ താഴെയുള്ള യഥാര്‍ത്ഥ വേതനത്തിന്റെ വളര്‍ച്ചാ നിരക്ക് പരിശോധിച്ചാല്‍ പ്രതിസന്ധി മനസ്സിലാക്കാം.എന്നാല്‍ മോദി സര്‍ക്കാരിന് കീഴില്‍ ഒരു കര്‍ഷകന്‍ പോലും ആത്മഹത്യ ചെയ്തിട്ടില്ലെന്നാണ് ബിജെപിയുടെ അവകാശ വാദം. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കര്‍ഷകരെ ആത്മഹത്യയെക്കുറിച്ച് പ്രതിപക്ഷം അടക്കം ആരും സംസാരിച്ചിട്ടില്ലെന്നും അതിനര്‍ഥം ആത്മഹത്യകള്‍ നടക്കുന്നില്ലെന്ന് തന്നെയാണെന്നും എംപി നിഷികാന്ത് ദുബെ പറഞ്ഞിരുന്നു.