മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന് ശേഷം ഐശ്വര്യ റായിയും വിക്രമും വീണ്ടും ഒന്നിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍. മണിരത്‌നം സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പ്രണയകഥയാണ്.
കമല്‍ ഹാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് മണിരത്‌നമിപ്പോള്‍. ജയമോഹനും മണിരത്‌നവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. 1987 ല്‍ റിലീസ് ചെയ്ത നായകന് ശേഷം മണിരത്‌നവും കമലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും വിക്രം-ഐശ്വര്യ ജോഡി ചിത്രം ആരംഭിക്കുന്നത്.
2010 ല്‍ പുറത്തിറങ്ങിയ രാവണനിലും അതിന്റെ ഹിന്ദി പതിപ്പായ രാവണിലുമാണ് ഐശ്വര്യയും വിക്രമും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ വീരയ്യ എന്ന നക്‌സലൈറ്റിന്റെ കഥാപാത്രത്തെ വിക്രം അവതരിപ്പിച്ചപ്പോള്‍ രാഗിണി സുബ്രഹ്മണ്യം എന്ന കഥാപാത്രമായി ഐശ്വര്യയെത്തി. ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ വിക്രമിന്റെ കഥാപാത്രത്തെ അഭിഷേക് ബച്ചനാണ് അവതരിപ്പിച്ചത്. രാഗിണിയുടെ ഭര്‍ത്താവ് ദേവ് പ്രതാപ് കുമാര്‍ എന്ന പോലീസ് കഥാപാത്രമായി വിക്രമെത്തി.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ ആധാരമാക്കി എത്തിയ പൊന്നിയിന്‍ സെല്‍വനില്‍ നന്ദിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. ചോള രാജകുമാരനായ ആദിത്യ കരികാലന്റെ വേഷത്തില്‍ വിക്രമെത്തി. നന്ദിനിയും ആദിത്യകരികാലനും തമ്മിലുള്ള പ്രണയവും അത് തകരുമ്പോഴുണ്ടാകുന്ന ശത്രുതയും ചോള സാമ്രാജ്യത്തിനെതിരേ നടക്കുന്ന ഗൂഢാലോചനയുമാണ് ചിത്രത്തിന്റെ പ്രമേയം.