മണിരത്നവും കമല്‍ ഹാസനും ഒന്നിക്കുന്ന തഗ് ലൈഫില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറി എന്ന് റിപ്പോര്‍ട്ടുകള്‍

തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നവും കമല്‍ ഹാസനും ഒന്നിക്കുന്ന തഗ് ലൈഫ്. വലിയ താരനിര ഭാഗമാകുന്ന സിനിമയില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മറ്റു സിനിമകളുടെ തിരക്കുകള്‍ മൂലമാണ് ദുല്‍ഖര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ദുല്‍ഖര്‍ സല്‍മാന്‍ മണിരത്നത്തിനൊപ്പം ‘ഒകെ കണ്‍മണി’യില്‍ അഭിനയിച്ചിരുന്നു. ‘ചെക്ക ചിവന്ത വാനത്തി’ലേയ്ക്കും ക്ഷണം ലഭിച്ചെങ്കിലും ‘മഹാനടി’യുമായുള്ള ഷെഡ്യൂള്‍ തര്‍ക്കങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു.

മലയാളത്തില്‍ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് തുടങ്ങിയവരും തഗ് ലൈഫിന്റെ ഭാഗമാകുന്നുണ്ട്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് തഗ് ലൈഫ് നിര്‍മ്മിക്കുന്നത്. ജയം രവി, തൃഷ കൃഷ്ണന്‍, ഗൗതം കാര്‍ത്തിക് എന്നിവരും സിനിമയുടെ ഭാഗമാണ്.

1987ല്‍ പുറത്തിറങ്ങിയ ‘നായകന്’ ശേഷം മണിരത്‌നവും കമലും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. എ ആര്‍ റഹ്‌മാനാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും അന്‍പറിവ് സംഘട്ടന സംവിധാനവും നിര്‍വ്വഹിക്കുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Top