കൊറോണയ്ക്ക് ഏഴടിക്കപ്പുറം സഞ്ചരിക്കാന്‍ കഴിയില്ല; സാമൂഹിക അകലം ഫലം കാണുന്നു

വാഷിങ്ടണ്‍: കൊറോണ വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കുന്നതിന്റെ ഗുണം അമേരിക്കയില്‍ കണ്ടു തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയിലെ കൊറോണ ഹോട്ടസ്‌പോട്ടുകളായ ന്യൂയോര്‍ക്കിലും കണക്റ്റിക്കട്ടിലും പുതുതായി സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാന്‍ തുടങ്ങിയതിന്റെ സൂചകളാണിതെന്നാണ് അധികൃതര്‍ പറയുന്നത്.

അതേസമയം ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുമ്പോഴും മരണ നിരക്ക് ഉയര്‍ന്ന നിലയില്‍ തന്നെയാണെന്ന് പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ അന്തോണി ഫൗസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നേരത്തെ പ്രവചിച്ച ഒരുലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയിലുള്ളവര്‍ മരിക്കും എന്ന പ്രവചനത്തില്‍ നിന്ന് 60,000ത്തിലേക്ക് മരണസംഖ്യ ചുരുങ്ങാനുള്ള സാധ്യതയുണ്ടെന്നും പുതിയ കണക്കുകളെ ഉദ്ധരിച്ച് ഫൗസി പറഞ്ഞു.

‘ഓഗസ്റ്റ് 4നുള്ളില്‍ 60,415 പേര്‍ അമേരിക്കയില്‍ മരിക്കുമെന്നാണ് പുതിയ പഠനം വെളിവാക്കുന്നത്. നമ്മള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം ഫലമുണ്ടാക്കുന്നു. അതിനിയും നമ്മള്‍ തുടരേണ്ടതുണ്ട്’. ഫൗസി കൂട്ടിച്ചേര്‍ത്തു.

പക്ഷേ കണക്റ്റികട്ട്, മസാച്യുസെറ്റ്‌സ്, ന്യൂജേഴ്‌സി, റോഡ് ഐലന്‍ഡ്, നോര്‍ത്ത് ദക്കോട്ട എന്നിവിടങ്ങളില്‍ മരണ സംഖ്യ ഉയരുമെന്നാണ് പുതിയ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, ഈ വൈറസിന് ഏഴടിക്കപ്പുറം സഞ്ചരിക്കാന്‍ കഴിയില്ലെന്ന് സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി യുഎസ് പകര്‍ച്ചവ്യാധി നിവാരണ കേന്ദ്രം ഡയറക്ടര്‍ ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡ് പറഞ്ഞു.

അമേരിക്കയിലെ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ന്യൂയോര്‍ക്കില്‍ 1.61ലക്ഷം പോസിറ്റീവ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. പക്ഷെ ബുധനാഴ്ച 200 പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വീടുകളില്‍ കഴിയുന്ന പോലുള്ള നയം സ്വീകരിച്ചതിനാല്‍ ഒരുപാടുപേരുടെ ജീവന്‍ രക്ഷിക്കാനായെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കോമു പറയുന്നു

അതേസമയം, അമേരിക്കയില്‍ ഇതുവരെ 4.65ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 16,672 പേര്‍ മരിച്ചു.

Top