കേന്ദ്രം തള്ളിയ ടാബ്ലോയെ ആഘോഷിച്ച് തമിഴ്‌നാട്

റിപ്പബ്ലിക് ദിനാഘോഷത്തെ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പോരാട്ട വേദിയാക്കി തമിഴ്‌നാട്. ഡല്‍ഹിയിലെ ആഘോഷത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ സ്വാതന്ത്ര സമര സേനാനികളുടെ ടാബ്ലോയെ സംസ്ഥാന തല ആഘോഷവേദിയിലെത്തിച്ചാണു തമിഴ്‌നാടിന്റെ വേറിട്ട സമരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും അടുപ്പക്കാരന്‍കൂടിയായ ഗവര്‍ണര്‍ ആര്‍.എന്‍.രവി പങ്കെടുത്ത വേദിയിലാണു കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം നടന്നത്. ഝാന്‍സി റാണിക്കും മുന്‍പ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പടനയിച്ച ശിവഗംഗ രാജ്ഞി വേലു നാച്ചിയാര്‍, സ്വന്തമായി കപ്പല്‍ സര്‍വീസ് നടത്തി ബ്രട്ടീഷുകാരെ വെല്ലുവിളിച്ച വി.ഒ. ചിദമ്പരനാര്‍, സാമൂഹിക പരിഷ്‌കര്‍ത്താവ് ഭാരതിയാര്‍ എന്നിവരുള്‍പ്പെട്ട ടാബ്ലോയായിരുന്നു തമിഴ്‌നാട് ഇത്തവണ ഡല്‍ഹിയില്‍ അവതരിപ്പിക്കാനിരുന്നത്. കാരണം കൂടി പറയാതെ ടാബ്ലോ കേന്ദ്ര സര്‍ക്കാര്‍ വെട്ടി. തുടര്‍ന്നാണു ചെന്നൈ മറീന കടല്‍ക്കരയിലെ സംസ്ഥാനതല ആഘോഷത്തില്‍ ടാബ്ലോ ഇടം പിടിച്ചത്.

ടാബ്ലോ തമിഴ്‌നാട്ടില്‍ പര്യടനം തുടങ്ങി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കും.ഡല്‍ഹിയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിന്നു ടാബ്ലോയെ ഒഴിവാക്കിയതു വഴി തമിഴരെ കേന്ദ്ര സര്‍ക്കാര്‍ അപമാനിച്ചെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇതുവഴി പരമാവധി ബി.ജെ.പി വിരുദ്ധ വികാരമുയര്‍ത്തുകയാണ് എം.കെ സ്റ്റാലിന്റെയും കൂട്ടരുടെയും ലക്ഷ്യം.

 

Top