ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ഡല്‍ഹിയിലുണ്ടായ പ്രക്ഷോഭത്തില്‍ 84 പേര്‍ അറസ്റ്റില്‍. ആകെ 38 കേസുകളാണ് ഡല്‍ഹി പൊലീസ് ഫയല്‍ ചെയ്തിരിക്കുന്നത്. 1700 മൊബൈല്‍ വീഡിയോ ക്ലിപ്പുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് നടപടി. ശനിയാഴ്ച ഫോറന്‍സിക് വിദഗ്ധര്‍ ചെങ്കോട്ടയില്‍ പരിശോധന നടത്തിയെന്നും പൊലീസ് അറിയിച്ചു.
ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ നടത്തിയ അക്രമപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയെന്ന് സംശയിക്കപ്പെടുന്ന രണ്ട് പേരെ തിരഞ്ഞ് ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥര്‍ ജലന്ധറിലേക്ക് പോയിട്ടുണ്ട്.
അതേസമയം, റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെ ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാനെത്തിയ നൂറിലധികം സമരക്കാരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബിന്റെ വിവിധയിടങ്ങളില്‍ നിന്ന് ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകരെയാണ് ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ശേഷം കാണാതായത്. പഞ്ചാബ് ഹ്യൂമണ്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ എന്ന സന്നദ്ധ സംഘടനയാണ് ആരോപണവുമായി രംഗത്തെത്തിയത്.