റിപ്പബ്ലിക് ദിനത്തില്‍ ട്രംപിനെ ക്ഷണിച്ച് ഇന്ത്യ; തീരുമാനം എടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: 2019 ലെ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ അതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ക്ഷണിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തീരുമാനം എടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് പറഞ്ഞു. നരേന്ദ്ര മോദി ഡൊണാള്‍ഡ് ട്രംപിനെ മുഖ്യാതിഥിയായി ക്ഷണിച്ചതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് സാറ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ക്ഷണം സ്വീകരിക്കണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.

യുഎസ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവര്‍ ഈ മാസം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് അവര്‍ അറിയിച്ചു. ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് അവര്‍ ഇന്ത്യയിലേക്ക് എത്തിച്ചേരുന്നത്. റിപ്പബ്ലിക് ദിന പരേഡ് ചടങ്ങില്‍ മറ്റു രാജ്യങ്ങളുടെ ഭരണാധികാരികള്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് പതിവാണ്. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ 2015 ല്‍ ഇന്ത്യയുടെ അതിഥിയായി പങ്കെടുത്തിരുന്നു.

Top