ന്യൂഡല്‍ഹി: ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിപ്പബ്‌ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്കെതിരേ കേസെടുത്തു. ഡല്‍ഹി അലിബാഗ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്റീരിയര്‍ ഡിസൈനറായ അന്‍വയ് നായിക്കിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കേസ് എടുത്തിരിക്കുന്നത്.
റിപ്പബ്‌ളിക് ടിവിയുമായും മറ്റു രണ്ടു സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട ജോലികള്‍ക്ക് പ്രതിഫലം തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇതേതുടര്‍ന്ന് ഭര്‍ത്താവിന് ബിസിനസില്‍ വന്‍ നഷ്ടം നേരിട്ടെന്നും അന്‍വയിയുടെ ഭാര്യ ആരോപിച്ചു. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റിപ്പബ്‌ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്കും ഐകാസ്റ്റ്എക്‌സ്/സ്‌കൈ മീഡിയ ഉടമ ഫിറോസ് ഷെയ്ക്, സ്മാര്‍ട് വര്‍ക്‌സ് ഉടമ നിതീഷ് സര്‍ദ എന്നിവര്‍ക്കുമെതിരേ പോലീസ് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ശനിയാഴ്ചയാണ് അന്‍വയിയെയും അദ്ദേഹത്തിന്റെ അമ്മ കുമുദിനെയും അലിബാഗിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുംബൈ നിവാസികളായ ഇവര്‍ വെള്ളിയാഴ്ച വൈകിട്ടാണ് അലിബാഗിലെ ഫ്‌ളാറ്റിലെത്തിയത്. ശനിയാഴ്ച രാവിലെ ഇവരെ രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അന്‍വയുടെ ആത്മഹത്യാകുറിപ്പ് മൃതദേഹത്തില്‍നിന്നു കണ്ടെത്തിയിരുന്നു.കേസില്‍ ആരോപിതരായ മൂന്നു പേരുടെയും പേരുകള്‍ അന്‍വയ് ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. അതേസമയം, കുമുദിന്റെ മരണം സംബന്ധിച്ച് പോലീസിനു സംശയങ്ങളുണ്ട്.