ആലപ്പുഴ : ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാംപുകളുടെ നിയന്ത്രണം പൊലീസ് ഏറ്റെടുക്കുമെന്ന് ആലപ്പുഴ എസ്പി അറിയിച്ചു. ക്യാംപുകളിലേയ്ക്ക് എത്തുന്ന സാധനങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണം പൊലീസിന്റെ കൈകളിലായിരിക്കുമെന്നും എസ്പി അറിയിച്ചു.
അതേസമയം, ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനം ഔദ്യോഗികമായി അവസാനിച്ചെന്നു മന്ത്രി തോമസ് ഐസക് അറിയിച്ചു. പുറത്തെത്താന്‍ അഭ്യര്‍ത്ഥിച്ച എല്ലാവരെയും ക്യാമ്പുകളില്‍ എത്തിച്ചിട്ടുണ്ടെന്നും, 30,000 പേര്‍ ഇനിയും പ്രളയ മേഖലയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍, ഇവരാരും അപകടകരമായ അവസ്ഥയില്‍ അല്ലെന്നും പുറത്തേക്കു വരാന്‍ താല്‍പര്യമില്ലാത്തവരാണെന്നും പൊലീസ് അറിയിച്ചു. ഇവര്‍ക്ക് ഇന്നലെയും ഭക്ഷണവും വെള്ളവും വിതരണം ചെയ്തു. വെള്ളമിറങ്ങിത്തുടങ്ങിയ പുത്തന്‍കാവ്, ആറാട്ടുപുഴ, മാലക്കര പ്രദേശങ്ങളിലേക്കു ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ മടങ്ങുന്നുണ്ട്.