ചെങ്ങന്നൂര്‍: രണ്ട് ദിവസം വൈകി രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ പിടഞ്ഞു മരിച്ചത് ഒരു കുടുംബത്തിലെ മൂന്നു പേര്‍.
അമ്മയും രണ്ടു മക്കളും മരണപ്പെട്ട വിവരം ഏഷ്യാനെറ്റ് ന്യൂസു വഴി രാജന്‍ ഡാനിയേല്‍ കല്ലിശ്ശേരി എന്ന അയല്‍വാസിയാണ് അറിയിച്ചത്. നേവിയുടെ ബോട്ടായിരുന്നു രക്ഷയ്ക്ക് എത്തിയത്. ഈ സമയം മരിച്ച നിലയില്‍ മൂന്നു പേരെയും കാണപ്പെടുകയായിരുന്നു.
മൃതദേഹം പിന്നീട് നാവികര്‍ ബോട്ടിലൂടെ കരക്കെത്തിച്ചു. കൂടാതെ, കോലഞ്ചേരിയിലും രണ്ടു പേരെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സമാനമായ രീതിയില്‍ രക്ഷപ്പെടാനാവാതെ നിരവധി പേര്‍ മരണപ്പെട്ടിട്ടുണ്ടോ എന്ന ആശങ്ക ഇതോടെ വ്യാപകമായിട്ടുണ്ട്. നിരവധി പേരെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല. അനവധി വളര്‍ത്തു മൃഗങ്ങളും മരണപ്പെട്ടിട്ടുണ്ട്. വലിയ തോതില്‍ പകര്‍ച്ചാവ്യാധി പടരുമോ എന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്.
ദ്രുതഗതിയിലാണ് പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, വയനാട് ജില്ലകളില്‍ പുരോഗമിക്കുന്നത്. അതേ സമയം കൂടുതല്‍ കേന്ദ്രസേനയും ഹെലികോപ്റ്ററുകളും ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത് ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.
അതേ സമയം കേരളത്തില്‍ മഹാപ്രളയം ദുരന്തം വിതച്ച സാഹചര്യത്തില്‍ ഒരു സന്തോഷവാര്‍ത്തയും എത്തുകയാണ്. ആലുവ അത്താണിയില്‍ നേവി രക്ഷപ്പെടുത്തിയ യുവതി പ്രസവിച്ചു എന്നതാണ് ആ സന്തോഷ വാര്‍ത്ത. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട സജിത എന്ന യുവതിയെയാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നേവി രക്ഷപ്പെടുത്തിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.